ADVERTISEMENT

കൊല്ലം ജില്ലയിലെ കടയ്ക്കൽ ചന്തയിൽ അന്യായ കരംപിരിവിനെതിരെ സ്‌റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ 1938ൽ നടന്ന ജനമുന്നേറ്റമാണ് പേരുകേട്ട ‘കടയ്ക്കൽ വിപ്ലവം’. പൊലീസ് സ്‌റ്റേഷനു തീയിടുകയും ചതുരശ്ര കിലോമീറ്ററുകളോളം സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നിടത്തോളമെത്തിയ ജനരോഷം. അത് അടിച്ചമർത്താൻ പൊലീസും പട്ടാളവും നടത്തിയ നരനായാട്ടിനെക്കൂടി ചെറുത്തുനിന്ന ചരിത്രം.

അതെല്ലാം പോയകാലം. ‘കടയ്ക്കൽ വിപ്ലവം (സിപിഎം) റീലോഡഡ്’ എന്നതാണ് കേരളത്തിന്റെ നടപ്പുവർത്തമാനം. രണ്ടാം വിപ്ലവത്തിനു വേദിയായത് കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ സ്‌റ്റേജും. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയാണ്. പക്ഷേ, ഉത്സവസ്‌റ്റേജിലെ എൽഇഡി ചുവരിൽ മിന്നിത്തിളങ്ങിയത് സിപിഎം, ഡിവൈഎഫ്ഐ കൊടികളും ചിഹ്നങ്ങളും. വേദിയിൽ കേട്ടത് ഗായകൻ അലോഷി ആദം പാടിയ വിപ്ലവഗാനങ്ങളാണ്. സദസ്സിൽ പ്രതിധ്വനിച്ചത് ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളികളാണ്. സഖാക്കൾക്ക് ഉൾപ്പുളകം. പക്ഷേ, മറ്റുള്ളവർക്ക് അത്ര രുചിച്ചില്ല. ക്ഷേത്രവിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവച്ചെന്നൊക്കെയായി അവർ. ഹൈക്കോടതിയിൽ കേസായി. അതാണിപ്പൊ മെനക്കേടായത്

 ആരാധനാലയ പരിസരത്തെ സഖാക്കൾക്ക്  അടുത്തകാലം വരെ ‘എൽ’ ബോർഡ് വച്ച വണ്ടിയുമായി ലേണിങ് ലൈസൻസിന്റെ ബലത്തിൽ റോഡിലിറങ്ങുന്നവന്റെ ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. സിപിഎം അംഗങ്ങളിൽ വിശ്വാസികളുണ്ടെന്നും അതു തുറന്നുസമ്മതിക്കുന്നതിൽ ശങ്ക വേണ്ടെന്നും സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ‘ഹെവി ലൈസൻസ്’ നൽകിയതോടെ അതു മാറി. അതിനുശേഷമുള്ള ആദ്യ സംസ്‌ഥാന സമ്മേളനമാണ് ഈയിടെ കൊല്ലത്തു നടന്നത്. അതിന്റെ സ്വാഭാവിക ഹാങ്ഓവറാണ് സമീപദേശമായ കടയ്ക്കലിൽ കണ്ടതെന്നു കരുതണം.

ഗോവിന്ദൻ കൊളുത്തി കൈമാറിയ വിപ്ലവവിശ്വാസത്തിരി പന്തംപോലെ വരുംനാളുകളിൽ നാടാകെ കത്തിക്കയറുന്നത് ഉൾപ്പുളകത്തോടെ സഖാക്കളും ഉൾപ്പേടിയോടെ പുറത്തെ വിശ്വാസികളും കാത്തിരിക്കുന്നു. ഗണപതിക്കു വച്ചത് ക്ഷേത്രങ്ങളിൽ മാത്രമാണെങ്കിലും പിന്നാലെ ഇതര സമുദായങ്ങൾക്കും പ്രതീക്ഷിക്കാം. എല്ലാവരുടെയും പാർട്ടിയാണ്; ആരെയും നിരാശപ്പെടുത്തുമെന്നു കരുതാൻ വയ്യ.

തിരുവാതിര ഉത്സവം തന്നെയാണ് വിപ്ലവം ക്ഷേത്രവേദിയിലെത്തിക്കാൻ തിരഞ്ഞെടുത്തത് എന്നതിൽ ഔചിത്യമുണ്ട്. മൂന്നു കൊല്ലം മുൻപു പാറശാലയിൽ ‘ഇന്നീപ്പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ കാരണഭൂതൻ പിണറായി വിജയനെന്ന സഖാവു തന്നെ’ എന്ന തിരുവാതിര കണ്ടതിലുള്ള രോമാഞ്ചം കേരളത്തിനു മാറിയിട്ടില്ല. ‘തിരുവാതിര തീക്കട്ടപോലെ’ എന്നാണ് ചൊല്ലുതന്നെ. തീക്കട്ട തന്നെയാണ് ഏതു വിപ്ലവവും ; ചാരം മൂടും വരെ. എന്തായാലും തിരുവിതാംകൂർ ദേവസ്വം ബോർഡ് രണ്ടും കൽപിച്ച്  ലഹരി വിമുക്‌തി പദ്ധതി തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കടയ്ക്കലിൽ കണ്ടതുപോലുള്ള അന്തംവിട്ട ലഹരിക്കു കൂടിയാണോ ചികിത്സ എന്നു നിശ്‌ചയമില്ല.

‘പുഷ്പനെ അറിയാമോ, ഞങ്ങടെ പുഷ്‌പനെ അറിയാമോ’ എന്ന പാട്ടും ക്ഷേത്രവേദിയിൽ പാടിയത്രേ. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയായിരുന്നു ഡിവൈഎഫ്‌ഐ സമരവും കൂത്തുപറമ്പു വെടിവയ്പു‌ം. ആ സമരത്തിന്റെ രക്തസാക്ഷിയെന്നാണ് പുഷ്പന്റെ വിശേഷണം. സ്വകാര്യ സർവകലാശാലയ്ക്കു പരവതാനി വിരിക്കുന്ന നവകേരളകാലത്ത് പുഷ്പനെ സഖാക്കൾക്കു പിടികിട്ടുന്നുണ്ടാവില്ല. ‘പുഷ്പനെ അറിയാമോ’ എന്നു ദൈവങ്ങളോടു ചോദിച്ചത് ആത്മാർഥമായിട്ടാവണം. സഹകരണമേഖലയിൽ തുടങ്ങാൻ പ്ലാനിടുന്നതിന് ‘പുഷ്പൻ സ്മാരക സർവകലാശാല’ എന്നു പേരിടാൻ സന്മനസ്സുണ്ടാവാൻ ഒരു വഴിപാടുകൂടി കഴിച്ചാലും തെറ്റൊന്നുമില്ല.

ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ, ജാതി, മത സംഘടനകളുടെ ചിഹ്‌നങ്ങളോ കൊടികളോ പാടില്ലെന്നു പണ്ടു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കടയ്ക്കൽ സംഭവത്തിൽ കടലാസും റിപ്പോർട്ടുമായി വരാൻ കോടതി പറഞ്ഞിട്ടുമുണ്ട്. സ്പോൺസർമാരും കരക്കാരും സംഘടനകളുമാണ് ഉത്സവം നടത്തുന്നതെന്നും തങ്ങൾ ഇടപെടാറില്ലെന്നുമാണ് സിപിഎം നേതാക്കൾക്കു പ്രാമുഖ്യമുള്ള ക്ഷേത്ര ഉപദേശക സമിതി ദേവസ്വം ബോർഡിനോടു പറഞ്ഞതത്രേ. ദൈവത്തിന്റെ കാര്യമായതുകൊണ്ട് കള്ളമായിരിക്കാൻ ഇടയില്ല.

അല്ലെങ്കിലും പൊരികടല, ഐസ്ക്രീം തുടങ്ങിയ വൻകിട ജനദ്രോഹ ബിസിനസുകൾക്കേ സമിതിയുടെ മുൻകൂട്ടിയുള്ള അനുവാദം വേണ്ടൂ. അൽപം രാഷ്ട്രീയം വിൽക്കുന്നതുപോലുള്ള നിരുപദ്രവ കച്ചവടങ്ങൾ ഏത് ഉത്സവക്കമ്മിറ്റിയും കണ്ടില്ലെന്നു വയ്ക്കും; പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടെ എന്നു കരുതി. 

ഫാഷിസം കാണാമറയത്ത്

ശരീരമാകെ ഫാഷിസ്‌റ്റ്‌ അടയാളങ്ങളുള്ള ഭീകരസത്വമായിട്ടാണ് കേന്ദ്ര സർക്കാരിനെ സിപിഐ കാണുന്നതെങ്കിലും ‘കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു കസ്‌തൂരി മറുകുള്ള വർണക്കിളി’ എന്ന ഓമനത്തമേ സിപിഎമ്മിനു തോന്നുന്നുള്ളൂ. ഫാഷിസം മറഞ്ഞിരിപ്പുണ്ടോ എന്ന് അങ്ങു വടക്ക് പ്രകാശ് കാരാട്ട് മുതൽ ഇങ്ങു തെക്ക് എ.കെ.ബാലൻ വരെയുള്ളവർ ചാഞ്ഞും ചരിഞ്ഞും നോക്കിയിട്ടും ‘തരിപോലുമില്ല കണ്ടുപിടിക്കാൻ’. അതുകൊണ്ടൊക്കെയാണ് മോദി സർക്കാരിനെ ഫാഷിസ്‌റ്റ് എന്നോ നവഫാഷിസ്‌റ്റ് എന്നോ നമ്മൾ വിളിക്കുന്നില്ല എന്നു പാർട്ടിനയം കാരാട്ട് എഴുതിയത്.

പക്ഷേ, സിപിഐക്കു വിശ്വാസം വരുന്നില്ല. നരേന്ദ്ര മോദിയുടെ മുഖമാണ് കിടക്കുമ്പോൾ ബിനോയ് വിശ്വത്തിന്റെ മനസ്സിൽ തെളിയുക. ‘ഫാഷിസം വന്നു’ എന്നു നിലവിളിച്ചു ഞെട്ടിയുണരുകയും ചെയ്യും. ‘ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും’ എന്നു പറഞ്ഞതുപോലെ പിന്നെ ഉറക്കവുമില്ല.

ഇതുകൊണ്ടൊക്കെയാണ് കേന്ദ്രം ഫാഷിസ്‌റ്റ് തന്നെ എന്നു ബിനോയ് സിപിഎമ്മിനെ തിരുത്തിയത്. അവരുണ്ടോ പക്ഷേ വിടുന്നു. സിപിഎം പ്രസിദ്ധീകരണം വീണ്ടും ഫാഷിസം ഇല്ലെന്നു പറഞ്ഞു. സിപിഐയുടെ നവയുഗം ഉണ്ടെന്നു വീണ്ടും പറഞ്ഞു. കോഴിയങ്കമോ ആളങ്കമോ നടത്തിയാലും തർക്കം തീരാത്ത മട്ടാണിപ്പോൾ.

ഫാക്‌ടറി ഫിറ്റിങ്സിലൊന്നും ഐഎസ്ഐ മാർക്ക് കാണുന്നില്ലെന്നു പരിശോധനയ്ക്കുവന്ന എൻജിനീയർ കടുംപിടിത്തം തുടർന്നപ്പോൾ മോന്തയ്ക്കൊന്നു പൊട്ടിച്ചിട്ട് കണ്ണാടി എടുത്തുകാണിച്ചു കൊടുക്കെടാ മാർക്ക് എന്ന് ഇന്നസന്റിന്റെ കഥാപാത്രം പറയുന്ന ഒരു സിനിമയുണ്ട്. ഫാഷിസം ഉണ്ടെന്നു തെളിയിക്കാനുള്ള തത്രപ്പാടിൽ ഇനി അതുപോലൊരു കടുംകൈ എങ്ങാനും സിപിഐ ചെയ്തുകളയുമോ എന്നാണിപ്പോ പേടി.

മോദിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെങ്കിലും ബിനോയ് കറ തീർന്ന ഫാഷിസ്‌റ്റായി എന്നതിൽ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട കെ.ഇ.ഇസ്‌മായിലിനു തീർത്തും സംശയം മാറിയിട്ടുണ്ടാവണം. 

വേണ്ടാത്ത ആണി കാണുമ്പോൾ

വേണ്ടാത്ത ആണി എങ്ങനെ തിരിച്ചറിയും എന്നു സംശയിക്കുന്ന പണിക്കാരനോടു നിന്റെ കണ്ണിൽപ്പെടുന്നതെല്ലാം വേണ്ടാത്തതായിരിക്കും എന്നു ദേഷ്യപ്പെടുന്ന മുതലാളിയുടെ കഥ കേട്ടിട്ടുണ്ട്. അതേ അവസ്‌ഥയിലാണ് ശശി തരൂരും കോൺഗ്രസും. ഈ ലോകത്ത് തന്റെ പാർട്ടിക്കു ഗുണമുള്ള നൂറായിരം കാര്യങ്ങളുണ്ടെങ്കിലും വേണ്ടാത്തതേ തരൂരിന്റെ കണ്ണിൽപ്പെടൂ. പിണറായി സർക്കാരിന്റെ വ്യവസായനയം ലോകോത്തരമാണെന്ന് ശശി പുകഴ്ത്തിയതിന്റെ പുക്കാറൊക്കെ അടങ്ങിവരുന്നതേയുള്ളൂ. അതാ വരുന്നു ‘നരേന്ദ്ര മോദി മഹാനാണെന്ന’ അടുത്ത പ്രസ്ത‌ാവന.

വ്യവസായനയം പുകഴ്ത്തിയ എഴുത്തിനു പിന്നാലെ ഡൽഹിയിൽ കോൺഗ്രസുകാർ എല്ലാവരുംചേർന്ന് ശശിയെ പിടിച്ചിരുത്തി ഈ അസുഖത്തിനുള്ള പ്രതിരോധ കുത്തിവയ്‌പ് കൊടുത്തു എന്നൊക്കെ കേട്ടിരുന്നു. ഫലിച്ച ലക്ഷണം കാണുന്നില്ല. ഇനി കോൺഗ്രസിന്റെ കയ്യിൽ ഈ രോഗത്തിനു മരുന്നുണ്ടെന്നും തോന്നുന്നില്ല. അണുക്കൾ കുത്തിവയ്‌പുകൾക്കു കീഴടങ്ങാത്ത ആന്റി മൈക്രോബിയൽ പ്രതിരോധം വലിയ ഭീഷണിയാണെന്നു ലോകാരോഗ്യ സംഘടന പറഞ്ഞതു വെറുതേയല്ല. ‘ഐക്യരാഷ്ടസംഘടനയിലെ ഉദ്യോഗസ്ഥനായതു കൊണ്ടൊന്നും ആരും വിശ്വപൗരനാവില്ല’ എന്ന് സിപിഎം നേതാവ് ജി.സുധാകരനു തോന്നിയത് എന്തുകൊണ്ടോ എന്തോ?

സ്‌റ്റോപ് പ്രസ്

എന്നെപ്പറ്റിച്ചോളൂ എന്നു പറഞ്ഞ് മലയാളി നിന്നുകൊടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

‘എൽഡിഎഫ് വരും, എല്ലാം ശരിയാവും’ എന്നു വിശ്വസിച്ചവരെ ഓർത്തിട്ടായിരിക്കുമോ?

English Summary:

Aazhchakurippukal: Kadakkal Revolution, a historical and contemporary event in Kerala, sparks controversy. The recent display of political symbols at the Kadakkal Devi Temple during Thiruvathira has ignited debate and legal challenges, highlighting the complex interplay between religion and politics.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com