സ്രഷ്ടാവിന്റെ സമ്മാനം; പങ്കുവയ്ക്കലിന്റെയും പകുത്തുനൽകലിന്റെയും സന്ദേശവുമായി ഇന്ന് ഈദുൽ ഫിത്ർ

Mail This Article
സവിശേഷമായ ആരാധനാകർമങ്ങളാൽ സമൃദ്ധമായ ഒരു മാസത്തിനുശേഷം ലോകമെങ്ങുമുള്ള മുസ്‌ലിംകൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുകയാണ്. വിശുദ്ധ മാസം മുഴുവൻ ആരാധനകളിൽ വ്യാപൃതരായ വിശ്വാസികൾക്കു സ്രഷ്ടാവ് നൽകുന്ന സമ്മാനമാണ് ഈദ്.
പുതുവസ്ത്രം മാത്രമല്ല പെരുന്നാൾ. പാപമോചന പ്രാർഥനകളാലും സത്കർമങ്ങളാലും പശ്ചാത്താപ മനസ്സാലും എല്ലാവിധ ദൂഷ്യങ്ങളിൽനിന്നും മുക്തരായി പുതുഹൃദയത്തോടെയുള്ള ജീവിതാരംഭമാണ് പെരുന്നാളോടെ സാധ്യമാകുന്നത്. ഉത്കൃഷ്ട സ്വഭാവങ്ങൾ സ്വയം ശീലിക്കാനും അവ മറ്റുള്ളവരിലേക്കും പടർത്താനുമുള്ള ഉണർത്തുപാട്ടുകൾ കൂടിയാണ് ഇത്തരം ആഘോഷങ്ങൾ.
ഈദുൽ ഫിത്ർ എന്നാണ് ചെറിയ പെരുന്നാളിന്റെ പേര്. നിർബന്ധ ബാധ്യതയായി നൽകേണ്ട ‘ഫിത്ർ സകാത്’ എന്ന ദാനകർമത്തിലേക്കു ചേർത്താണ് ഈ പേര്. നമ്മെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന നിർബന്ധദാനമെന്നാണ് ഖുർആൻ ഇതെക്കുറിച്ചു പറയുന്നത്. വലിയ ഒരു ആഘോഷത്തിന്റെ പേരിനു പിന്നിൽ പോലുമുള്ള ഈ കർമം നോക്കൂ; വിശക്കുന്നവനു ഭക്ഷണം കൊടുക്കാനുള്ള ആഹ്വാനമാണത്. ഭക്ഷ്യവസ്തുതന്നെ ദാനമായി നൽകണമെന്ന നിർബന്ധവും ശ്രദ്ധേയമാണ്. ഒരു മാസം വിശപ്പ് എന്താണെന്ന് അറിഞ്ഞവർ ആ ബോധ്യത്തിൽനിന്നു ദാനം നൽകുമ്പോൾ ഈ ആരാധനകളുടെയെല്ലാം ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു. ‘സ്ഫടിക സമാനമായ സ്വർഗം’ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലും പ്രവാചകൻ മുഹമ്മദ് നബി (സ) പ്രധാനമായി എണ്ണിയത് ആളുകൾക്കു ഭക്ഷണം നൽകലാണ്.
ഈ നിർബന്ധദാനത്തിനു പുറമേ പരമാവധി ദാനം ചെയ്യാനും ചേർത്തുപിടിക്കാനുമുള്ള പ്രത്യേക നിർദേശമുണ്ട് ഈ ദിനങ്ങളിൽ. വിശക്കുന്നവരോ വിഷമിക്കുന്നവരോ ആയി ചുറ്റും ആരും ഉണ്ടാവരുതെന്ന മഹത്തായ ആശയമാണിത്. നാമെല്ലാവരും ആത്മാർഥമായി അത് ഏറ്റെടുക്കണം. സമൂഹത്തിന്റെ നാനാതട്ടുകളിൽ ജീവിക്കുന്ന സകലർക്കും സന്തോഷമെത്തിക്കാൻ ഈ ദിനം ഉപയോഗപ്പെടുത്തണം. തെരുവിൽ കഴിയുന്നവർ, നാളുകളായി ആശുപത്രിവാസം അനുഭവിക്കുന്നവർ, അനാഥർ, വിധവകൾ... എല്ലാവരെയും ചേർത്തുപിടിച്ചാവണം ഈദ് ആഘോഷം. ‘സ്വദഖ’ (ദാനം) അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള കർമങ്ങളിൽ ഒന്നാണല്ലോ. ധനവും വസ്ത്രവും ഭക്ഷ്യവസ്തുക്കളുമെല്ലാം സ്വദഖയായി നൽകാവുന്നതാണ്. നമുക്കുള്ളതിൽനിന്ന് ഒരുഭാഗം അപരനും പകുത്തുനൽകി സഹജീവിയുടെ നൊമ്പരം കാണാൻ കഴിയുന്നവനാകണം വിശ്വാസി. ഏറ്റവും നല്ല ദാനധർമം കഷ്ടപ്പെടുന്നവർക്കു മറ്റാരും അറിയാതെ സഹായമെത്തിക്കലാണ്. വലതുകൈ കൊടുക്കുന്നത് ഇടതുകൈപോലും അറിയാത്ത വിധത്തിൽ എന്ന പ്രവാചകവചനം അതിന്റെ സ്വകാര്യതയെ സൂചിപ്പിക്കുന്നു. ഉന്നതമായ പ്രതിഫലമാണ് അത്തരം വിശ്വാസികൾക്കു വാഗ്ദാനം ചെയ്‌തിരിക്കുന്നത്. പരലോകത്ത് സ്വർഗീയപ്രവേശം എളുപ്പമാക്കാനുള്ള മാർഗങ്ങളിൽ ഒന്നാണ് ദാനം. പെരുന്നാളിൽ ഈ കർമം വർധിപ്പിക്കാൻ വിശ്വാസികൾക്കു സാധിക്കണം.
ഓരോ ആഘോഷവും സാഹോദര്യത്തിന്റേതാണ്. കുടുംബക്കാർ, വീട്ടുകാർ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങി നമ്മോട് ബന്ധപ്പെട്ടു ജീവിക്കുന്നവരെല്ലാം നമ്മുടെ സഹോദരങ്ങളാണ്. അവരെയെല്ലാം സന്ദർശിച്ചും സന്തോഷങ്ങൾ പങ്കിട്ടും ഈ ദിനം ധന്യമാക്കണം. സമൂഹം പരസ്പരസ്നേഹത്തിനും സഹിഷ്ണുതയ്ക്കുമായി ദാഹിക്കുന്ന കാലം കൂടിയാണ്. ഇത്തരം ആഘോഷങ്ങൾ അവയ്‌ക്കെല്ലാം പരിഹാരമായിക്കൂടി ഉപയോഗപ്പെടുത്തണം. നമ്മുടെ നാടിനും കാലങ്ങളായി അത്തരം പാരമ്പര്യം തന്നെയാണുള്ളത്. പരസ്പരം പങ്കുവയ്ക്കലിന്റെകൂടി ആഘോഷമായാണ് ഇക്കാലമത്രയും ഈദ് ആഘോഷിച്ചുപോന്നത്. ജാതി, മത ഭേദമെന്യേ ആശംസകൾ കൈമാറുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും കൈമാറുകയുമെല്ലാം ചെയ്യുന്നു. അവയെല്ലാം സമൂഹത്തിന്റെ സ്നേഹത്തിലൂന്നിയ നിലനിൽപിൽ വലിയപങ്ക് വഹിച്ചുപോന്നിട്ടുമുണ്ട്. അത്തരം ശീലങ്ങൾ നിലനിൽക്കേണ്ടതു സമൂഹത്തിന്റെകൂടി ആവശ്യമാണ്. പരസ്പരവിദ്വേഷമില്ലാതെ ഏകോദര സഹോദരരായി ജീവിക്കാനാണ് പ്രവാചകാധ്യാപനം. ഇത്തരം ആഘോഷവേളകളിൽ നാം അതിനെ ഊട്ടിയുറപ്പിക്കുകയാണ്.
ലോകമെമ്പാടും വേദന അനുഭവിക്കുന്ന അനേകം മനുഷ്യരുണ്ട്. നമ്മെപ്പോലെ നിറവൈവിധ്യങ്ങളോടെ പെരുന്നാൾ ആഘോഷിക്കാൻ സാഹചര്യമില്ലാത്തവർ. പലസ്തീൻ ജനത ഉൾപ്പെടെ ദുരിതബാധിത പ്രദേശങ്ങളിലെ മനുഷ്യർക്കുവേണ്ടിയുള്ള പ്രാർഥനകൾകൂടി ഈദിന്റെ ഭാഗമായി ഉണ്ടാകണം.
നമ്മളെല്ലാം ഒരു കെട്ടിടംപോലെയാണ് എന്നാണ് തിരുനബി പഠിപ്പിക്കുന്നത്. ഓരോ ഇഷ്ടികയും മറ്റുള്ളവയ്ക്കു താങ്ങായി നിൽക്കുന്നതിന്റെ ഉപമയാണ് മനുഷ്യരുടെ പരസ്പരസഹായ സഹകരണങ്ങളെ സൂചിപ്പിക്കാൻ പ്രവാചകൻ (സ) ഉപയോഗിച്ചത്. പങ്കുവയ്ക്കുന്നതിന്റെയും പകുത്തു നൽകുന്നതിന്റെയും സൗന്ദര്യം പെരുന്നാൾ ദിനത്തിന്റെ മാറ്റുകൂട്ടുന്നു.
(ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)