ADVERTISEMENT

പട്ന ∙ സമോസയിൽ ആലു (ഉരുളക്കിഴങ്ങ്) ഉള്ളിടത്തോളം ബിഹാറിൽ ലാലുവുണ്ടാകും – ബിഹാർ രാഷ്ട്രീയത്തിൽ തന്റെ പ്രാധാന്യത്തെ കുറിച്ചു ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പണ്ടു പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനു ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. റാഞ്ചിയിൽ ജയിൽവാസത്തിലാണെങ്കിലും ബിഹാറിലെ മഹാസഖ്യ സീറ്റു വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും അവസാനവാക്ക് ലാലുവാണ്.

സീറ്റു വിഭജന പരിഭവങ്ങളുമായി സഖ്യകക്ഷി നേതാക്കളും സീറ്റ് യാചനയുമായി ഇടതു നേതാക്കളും കുടുംബകലഹം തീർക്കാൻ മക്കളും ഇടയ്ക്കിടെ സന്ദർശിക്കുന്നതിനാൽ ലാലുവിനു ജയിൽ ജീവിതം ബോറടിച്ചു കാണില്ല. (ജയിൽപ്പുള്ളി ആണെങ്കിലും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിൽസയ.ിലാണ് കുറച്ചുനാളായി ലാലു.) ബിഹാറിന്റെ മർമ്മമറിയുന്ന ലാലുവിന്റെ രാഷ്ട്രീയ യുക്തിവാദം കക്ഷിനേതാക്കൾക്കും മക്കൾക്കുമൊക്കെ ബോധ്യമായിട്ടുമുണ്ട്.

മൽസരിക്കാനും പ്രചരണത്തിനിറങ്ങാനും കഴിയില്ലെങ്കിലും ലാലുവിന്റെ അഭിപ്രായമനുസരിച്ചേ കാര്യങ്ങൾ നീങ്ങൂ.  ബിഹാറിൽ മഹാസഖ്യ സീറ്റ് വിഭജനത്തിനു 20: 20 ഫോർമുല നിർദേശിച്ചതു ലാലുവായിരുന്നു – പകുതി സീറ്റ് ആർജെഡിക്ക് പകുതി സഖ്യകക്ഷികൾക്ക്.

ആർജെഡിയിൽ ലാലുവിന്റെ മകൾ മിസ ഭാരതി മൽസരിക്കണമോയെന്നതിൽ മാത്രമല്ല, കുപ്രസിദ്ധരായ പപ്പു യാദവ്, ആനന്ദ് സിങ് തുടങ്ങിയവർക്കു കോൺഗ്രസ് സീറ്റു നൽകണമോയെന്ന കാര്യത്തിൽ പോലും ലാലുവിന്റെ സമ്മതം അനിവാര്യം. ലക്നൗവിൽ പോയി എസ്പിക്കും ബിഎസ്പിക്കും ബിഹാറിൽ ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തു വന്ന ഉദാരമതിയായ മകൻ തേജസ്വി യാദവിനെ ജയിലിലേക്കു വിളിച്ചുവരുത്തി കണ്ണുരുട്ടി തിരുത്തിയതും ലാലുവിന്റെ പ്രായോഗിക രാഷ്ട്രീയം.

മലയാളികൾക്കു മോഹൻലാലിന്റെ ലാലിസം പോലെ പ്രിയങ്കരമാണു ബിഹാറികൾക്കു ലാലു പ്രസാദിന്റെ ലാലുവിസം. തിരഞ്ഞെടുപ്പ് ആയാലും അല്ലേലും ലാലുത്തമാശകൾ മാധ്യമങ്ങൾക്കു വിരുന്നായിരുന്നു. ഇത്തവണ ലാലു ജയിലിലായതിനാൽ വാചകമേളകൾക്കു രസം കുറയും.

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു തരംഗമിളക്കിയ നരേന്ദ്ര മോദിയെ ‘ബ്രഹ്മ പിശാചെ’ന്നും അമിത് ഷായെ ‘നരഭോജി’യെന്നുമാണു ലാലു വിശേഷിപ്പിച്ചത്. ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാണെന്ന ഉപമ ആസ്വദിച്ചു പറയുന്ന ലാലുവിന്റെ ഉരുളയും ഉപ്പേരിയും ഇത്തവണ നഷ്ടമാകും. ലാലുവിന്റെ ഫാനാണു താനെന്നു ഹേമമാലിനി പറഞ്ഞതിനു ഹേമമാലിനിയുടെ എസിയാണു താനെന്നു തിരിച്ചടിച്ച കൊലമാസല്ലേ കാലിത്തീറ്റ കുഭകോണത്തിൽ അഴിക്കുള്ളിലായത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com