ചോദ്യം: ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഗുജറാത്ത് സ്കൂളിലെ ചോദ്യപേപ്പർ വിവാദത്തിൽ

Mail This Article
അഹമ്മദാബാദ് ∙ ‘‘മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ’’? രാഷ്ട്രപിതാവിന്റെ ജന്മനാടായ ഗുജറാത്തിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്കു നൽകിയ ഈ ചോദ്യം സകലരെയും അമ്പരപ്പിച്ചു. സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്തെ വ്യാജവാറ്റുകാരെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.
സർക്കാർ ഗ്രാന്റ് ലഭിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ ‘സഫലം ശാല വികാസ് സങ്കലിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഗാന്ധിജിയുടെ ആത്മഹത്യയെക്കുറിച്ച് ഉത്തരം കണ്ടെത്തേണ്ടിവന്നത്.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഭാരത് വാധർ പറഞ്ഞു.