സരയൂവിൽ തെളിഞ്ഞ് ദീപങ്ങൾ; രാമസ്മൃതിയിൽ അയോധ്യ

Mail This Article
അയോധ്യ ∙ സരയൂ നദിക്കരയിൽ നിറഞ്ഞുകത്തിയ അഞ്ചര ലക്ഷം ദീപങ്ങളുടെ ചാരുതയിൽ അയോധ്യയിൽ ദീപാവലി ആഘോഷത്തിനു തുടക്കം. രാമക്ഷേത്രത്തിനു തറക്കല്ലിട്ടതിനു തൊട്ടു പിന്നാലെയുള്ള ഇത്തവണത്തെ ദീപോത്സവത്തിൽ പങ്കെടുക്കാനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവർ നഗരത്തിൽ നേരിട്ടെത്തി.
വേദകാല രാമായണ നഗരിയായി അയോധ്യയെ വികസിപ്പിക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമാണെന്നു ചൂണ്ടിക്കാട്ടിയ യോഗി ആദിത്യനാഥ് അതിനുവേണ്ടി ജനങ്ങളുടെ പിന്തുണയും തേടി. അയോധ്യയിൽ വരുന്ന രാജ്യാന്തര വിമാനത്താവളത്തെക്കുറിച്ചും നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മറ്റു പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
രാവണനുമായുള്ള യുദ്ധത്തിൽ വിജയം നേടിയ ശേഷം ശ്രീരാമൻ ജന്മനഗരമായ അയോധ്യയിൽ തിരിച്ചെത്തുന്ന രംഗങ്ങളുടെ പ്രദർശനവും ഇന്നലെ നടന്നു. രാമായണത്തിലെ ഈ സംഭവമാണ് ദീപാവലിക്കു പിന്നിലെ പ്രധാന ഐതിഹ്യങ്ങളിൽ ഒന്ന്.
English Summary: Diwali at Ayodhya