ചൗരി ചൗര ശതാബ്ദി വർഷാചരണത്തിനു തുടക്കം

Mail This Article
ഗോരഖ്പുർ (യുപി) ∙ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വഴിത്തിരിവായ ചൗരി ചൗര സംഭവത്തിന്റെ ശതാബ്ദി വർഷാചരണത്തിന് വിഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ശതാബ്ദി തപാൽ സ്റ്റാംപ് പ്രധാനമന്ത്രി പുറത്തിറക്കി. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചൗരി ചൗര രക്തസാക്ഷികളുടെ ത്യാഗം സ്വാതന്ത്ര്യസമരത്തിനു പുതിയ ദിശാബോധം നൽകിയെന്നു മോദി പറഞ്ഞു. രക്തസാക്ഷികളെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ചരിത്ര താളുകളിൽ സ്ഥാനം പിടിച്ചില്ലെങ്കിലും അവരുടെ രക്തം ഈ മണ്ണിലുണ്ട്. നൂറ്റൻപതോളം സ്വാതന്ത്ര്യസമരസേനാനികളെ തൂക്കുമരത്തിൽ നിന്നു രക്ഷിച്ച ബാബ രാഘവദാസിന്റെയും മദൻമോഹൻ മാളവ്യയുടെയും ശ്രമങ്ങൾ പ്രത്യേകം ഓർക്കണമെന്നും മോദി പറഞ്ഞു.
ഒരു വർഷത്തെ പരിപാടികൾക്കാണു യുപി സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. യുപിയിലെ 75 ജില്ലകളിലും ഇന്നലെ ശുചിത്വയജ്ഞം, മാർച്ച് പാസ്റ്റുകൾ തുടങ്ങിയവ നടന്നു. അരലക്ഷത്തിൽപരം കുട്ടികൾ ഒരുമിച്ച് വന്ദേമാതരം ആലപിച്ചു. ചൗരി ചൗര ഗ്രാമത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ജാഥ നടത്തുകയായിരുന്ന ജനങ്ങൾക്കു നേരെ പൊലീസ് വെടിയുതിർത്തതും കുപിതരായ ജനക്കൂട്ടം അവിടത്തെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിട്ടതുമാണ് സംഭവം.
Content Highlights: Chauri Chaura centenary celebrations