യുപിയിൽ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; എണ്ണിത്തീരാതെ കോടികൾ, ഇതുവരെ എണ്ണിയത് 150 കോടി രൂപ

Mail This Article
ന്യൂഡൽഹി ∙ കാൻപുരിൽ സുഗന്ധ വ്യാപാരിയുടെ വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 150 കോടിയോളം രൂപ പിടിച്ചെടുത്തു. പിയൂഷ് ജെയ്‌നിന്റെ സ്ഥാപനങ്ങളിൽ നിന്നാണ് വൻതുക പിടിച്ചെടുത്തത്. കണ്ടെടുത്ത തുക മുഴുവൻ എണ്ണിത്തീർന്നിട്ടില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ചെയർമാൻ വിവേക് ജോറി അറിയിച്ചു.
സിബിഐസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെടുപ്പാണിത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സിബിഐസിയും ആദായ നികുതി വകുപ്പും ജിഎസ്ടിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ജെയ്‌നിന്റെ വീട്ടിലെ അലമാരകളിൽ നോട്ടുകെട്ടുകൾ അടങ്ങിയ കവറുകൾ അടുക്കി വച്ചിരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പേപ്പർ കവറുകളിലാക്കി മഞ്ഞ ടേപ്പ് ഒട്ടിച്ചാണ് നോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർ നിലത്തിരുന്ന് നോട്ടുകൾ എണ്ണുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇവർക്കു ചുറ്റും നോട്ടുകളുടെ കൂമ്പാരവും കാണാം. നോട്ടെണ്ണൽ യന്ത്രവും ചിത്രത്തിലുണ്ട്. ജെയ്‌നിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെയും ഗുജറാത്തിലെയും സ്ഥാപനങ്ങളിലും പരിശോധന തുടരുന്നു.
English Summary: 150 Crore (And Counting) Found At UP Businessman's Home In Tax Raid