പൾസറിഞ്ഞ പ്രതിഭ; ചേതക്കിൽ കിക്ക് സ്റ്റാർട്ട്

Mail This Article
ബജാജിന്റെ ചേതക് സ്കൂട്ടറിൽ യാത്രയ്ക്കിടെ പെട്രോൾ തീർന്നാൽ നിങ്ങൾ എന്തു ചെയ്യും ? അൽപ്പം ചെരിച്ചുവച്ച് വീണ്ടും കിക് സ്റ്റാർട്ട് ചെയ്യും. അവിടെ നിന്ന് അടുത്തുള്ള പെട്രോൾ പമ്പ് വരെ ചേതക് നിങ്ങളെ എത്തിച്ചിരിക്കും. ചേതക് ചതിക്കില്ല എന്ന വിശ്വാസത്തിന് ഇന്ത്യയിൽ വലിയ ആരാധകരുണ്ടായിരുന്നു. ആ വിശ്വാസത്തിലേക്ക് ഇന്ത്യൻ മധ്യവർഗത്തെ നയിച്ചത് ഇന്ത്യയിലെ ഇരുചക്രവാഹന വ്യവസായത്തെ ‘കിക് സ്റ്റാർട്ട്’ ചെയ്ത രാഹുൽ ബജാജ് എന്ന പ്രതിഭാശാലിയായ വ്യവസായിയാണ്.
1972 ലാണ് ഇറ്റാലിയൻ സ്കൂട്ടർ കമ്പനി വെസ്പയുടെ സാങ്കേതിക സഹകരണത്തിൽ ബജാജിന്റെ ചേതക് സ്കൂട്ടർ വിപണിയിലെത്തുന്നത്. ബുക്ക് ചെയ്ത് 10 വർഷം വരെ വണ്ടികിട്ടാൻ കാത്തിരുന്ന ചരിത്രം ചേതക്കിനുണ്ടായിരുന്നു. മറാഠാ രാജാവ് മഹാരാജ റാണാ പ്രതാപിന്റെ കുതിരയുടെ പേരായിരുന്നു ചേതക്. ഇന്ത്യൻ നിരത്തുകളിൽ 33 വർഷം ചേതക് രാജാവായി വിഹരിച്ചു. ‘നിങ്ങൾക്ക് ബജാജിനെ തോൽപ്പിക്കാനാവില്ല’ എന്ന പരസ്യവാചകം എല്ലാ അർഥത്തിലും ശരിയായ കാലം. ഭാര്യയും ഭർത്താവും 2 മക്കളും സന്തുഷ്ട കുടുംബമായി ചേതക്കിൽ യാത്ര ചെയ്തു.
1990 കളിൽ ചേതക് ലഭിക്കാനുള്ള കടമ്പകളും കാലതാമസവും നീങ്ങി. പിന്നീടുള്ള 10 വർഷം വിൽപ്പന കുതിച്ചു കയറി. ഉദാരവൽക്കരണത്തെ തുടർന്ന് വിദേശ കമ്പനികളുടെ ബൈക്കുകൾ സ്കൂട്ടറുകളെ പിന്നിലാക്കും വരെ ഹമാരാ ബജാജ് ഇന്ത്യയുടെ ജനപ്രിയ വാഹനമായത് ചരിത്രം.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും ഹാർവഡിൽ നിന്ന് എംബിഎയും നേടിയ ശേഷമാണ് രാഹുൽ ബജാജ് 1968 ൽ ബജാജ് ഓട്ടോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേൽക്കുന്നത്. എഴുപതുകളും എൺപതുകളും രാഹുലിന്റെ ആശയങ്ങൾ കമ്പനിയെ വളർത്തി. ഹോണ്ടയും സുസുക്കിയും ഉദാരവൽക്കരണകാലത്ത് ഗിയറില്ലാത്ത വണ്ടിയുമായി വന്നതോടെ ബജാജും ഗിയർ മാറ്റി. ഇരുചക്ര വ്യവസായം സ്കൂട്ടറിൽ നിന്ന് ബൈക്കിലേക്ക് മാറി. അവിടെയും ബജാജ് പുതിയ പരീക്ഷണങ്ങൾ നടത്തി. രാഹുലിന്റെ മകൻ രാജീവിനായിരുന്നു ആ ചുമതല. അങ്ങനെയാണ് ബജാജ് പൾസറിന്റെ വരവ്. 2008 ൽ ബജാജ് ഫിൻസെർവും പിറവിയെടുത്തു. വലിയ വളർച്ചയാണ് കമ്പനി നേടിയത്. ഇരുചക്രവാഹനമായാലും ഓട്ടോറിക്ഷയായാലും സാധാരണക്കാരുടെ വാഹനങ്ങളാണ് ബജാജ് എന്നും പരീക്ഷിച്ചതും വിജയിച്ചതും. ഇന്ത്യൻ നിരത്തുകളിൽ നിന്ന് വിടവാങ്ങിയ ചേതക്കിനെ ഇലക്ട്രിക് സ്കൂട്ടറാക്കി രംഗത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് രാഹുലിന്റെ പിൻമുറക്കാർ.
രാഹുലിന്റെ മുത്തച്ഛൻ ജമ്നലാൽ ബജാജ് ആണ് 1926 ൽ ബജാജ് കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി അദ്ദേഹത്തിന് ഏറെ അടുപ്പമുണ്ടായിരുന്നു. വാർധയിൽ ഗാന്ധിജിക്ക് ആശ്രമം സ്ഥാപിക്കാൻ സ്ഥലം നൽകിയതും ജമ്നലാൽ ആയിരുന്നു. നെഹ്റു കുടുംബവുമായും ആ ബന്ധം വളർന്നു. സ്കൂൾ കാലത്ത്, രാഹുലിന്റെ അച്ഛൻ കമൽനയനും ഇന്ദിരാഗാന്ധിയും ഒരുമിച്ചായിരുന്നു. കമൽനയന്റെ മകന് രാഹുൽ എന്ന പേരു നിർദേശിച്ചതും നെഹ്‌റുതന്നെ. ആ സ്നേഹത്തിനു പകരമായി രാജീവ് ഗാന്ധിയുടെ പേരു തന്നെ രാഹുൽ ബജാജ് അദ്ദേഹത്തിന്റെ മകന് നൽകി. പിന്നീട് സോണിയയും രാജീവ് ഗാന്ധിയും അവരുടെ മകനു രാഹുലെന്നു പേരിട്ട് രാഹുൽ ബജാജിനോടുള്ള ആദരം പ്രകടമാക്കി.
1972 ൽ കമൽനയന്റെ മരണത്തോടെയാണ് രാഹുൽ ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തെത്തിയത്. ബജാജ് ഇലക്ട്രിക്കൽസിൽ ഡെസ്പാച്ചിലും അക്കൗണ്ട്സ് വിഭാഗത്തിലും മാർക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഈ തൊഴിൽപരിചയം മുതൽക്കൂട്ടാക്കിയാണ് രാഹുൽ പിന്നീട് ഹാർവഡ് സർവകലാശാലയിൽ എംബിഎക്കു പോയത്. പഠനം കഴിഞ്ഞെത്തിയപ്പോൾ കുടുംബ ബിസിനസിന്റെ ഭാഗമാകണമെന്ന സമ്മർദമൊന്നും ഉണ്ടായിരുന്നില്ലെന്നും രാഹുൽ പറയാറുണ്ട്.
‘‘ഗാന്ധിജിയുമായുള്ള സൗഹൃദത്തിന്റെ സ്വാധീനം കൊണ്ടാകാം, വീട്ടിൽ ഓരോരുത്തർക്കും സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. 16 വയസ്സു കഴിഞ്ഞാൽ മകനെ സുഹൃത്തായി കാണണമെന്ന നിലപായിരുന്നു പിതാവിന്. പക്ഷേ, യൂറോപ്പിൽനിന്ന് ഉപരിപഠനം കഴിഞ്ഞെത്തിയ എനിക്ക് സിഗരറ്റ് വലി ഒഴിവാക്കാൻ എളുപ്പമായിരുന്നില്ല. അച്ഛൻ ഒരിക്കൽ പോലും പുകവലി ഉപേക്ഷിക്കാൻ നിർബന്ധിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം പറയാതെ പറയുന്ന ചില കാര്യങ്ങൾക്ക് നമ്മൾ അറിയാതെ കീഴ്പ്പെട്ടുപോകുമായിരുന്നു’’.
തൊഴിലാളികളുമായി നേരിട്ട് ഇടപെടുന്ന രീതിയാണ് രാഹുൽ ബജാജിന്റേത്. തുടക്കകാലത്ത് രാഹുലും കുടുംബവും താമസിച്ചതുപോലും തൊഴിലാളികൾ താമസിക്കുന്ന പുണെയിലെ ഫാക്ടറി കോളനിയോടു ചേർന്നായിരുന്നു.
വ്യവസായ ലോകം അനുശോചിച്ചു
മുംബൈ ∙ രാഹുൽ ബജാജിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. എന്നും ഉപദേശവും നിർദേശവും നൽകി നയിച്ച മാർഗദർശിയായിരുന്നു രാഹുൽ ബജാജെന്ന് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര അനുസ്മരിച്ചു. ബയോകോൺ അധ്യക്ഷ കിരൺ മസുംദാർ ഷാ, ടിവിഎസ് ചെയർമാൻ വേണു ശ്രീനിവാസൻ തുടങ്ങി വ്യവസായ പ്രമുഖരും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും അനുശോചിച്ചു.
Content Highlight: Rahul Bajaj