തിഹാർ ജയിലിൽ ഭക്ഷണം നല്ലത്, ചിത്രയ്ക്കും കഴിക്കാം: കോടതി
Mail This Article
ന്യൂഡൽഹി∙ ‘തിഹാർ ജയിലിലെ ഭക്ഷണം ഞാൻ പലതവണ കഴിച്ചിട്ടുണ്ട്, നല്ലതാണ്... എല്ലാ പ്രതികളും, തടവുകാരും ഒരുപോലെയാണ്. അവരൊരു വിഐപിയല്ല’ - നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടിൽ അറസ്റ്റിലായ മുൻ എംഡി ചിത്ര രാമകൃഷ്ണയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വീട്ടിൽ നിന്നെത്തിക്കുന്ന ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന ആവശ്യം പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി സഞ്ജീവ് അഗർവാൾ തള്ളിയത് ഈ പരാമർശത്തോടെയാണ്.
70 വയസ്സുള്ള തടവുകാർ പോലും ജയിലിലെ ഭക്ഷണമാണു കഴിക്കുന്നത്. ആർക്കും പ്രത്യേകമായി ഒരു സൗകര്യവും നൽകില്ലെന്നും കോടതി വ്യക്തമാക്കി. ഹനുമാൻ ചാലിസ, പ്രാർഥന പുസ്തകങ്ങൾ, മാസ്ക്, മരുന്നുകൾ എന്നിവ ജയിലിലേക്കു കൊണ്ടുപോകാൻ അനുമതി നൽകി. 7 ദിവസത്തെ സിബിഐ കസ്റ്റഡിക്കു ശേഷം ചിത്രയെ 14 ദിവസത്തേക്ക് തിഹാർ ജയിലിലേക്ക് അയച്ചു.
കഴിഞ്ഞയാഴ്ച ചോദ്യംചെയ്യാനായി 14 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ തേടിയത്. എന്നാൽ 7 ദിവസമാണ് അനുവദിച്ചത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ കൂടുതൽ കസ്റ്റഡി ആവശ്യപ്പെട്ടില്ല. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ചിത്രയാണോ അതോ ചരടുവലിച്ചിരുന്ന ഒരു പാവകളിക്കാരൻ ഇതിനു പിന്നിലുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യം പറയാറായിട്ടില്ലെന്ന് സിബിഐ മറുപടി നൽകി.
ചിത്രയ്ക്ക് ഉപദേശം നൽകിയ ‘ഹിമാലയത്തിലെ യോഗി’ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയെന്നു സിബിഐ കണ്ടെത്തിയിരുന്നു. ആനന്ദും തിഹാർ ജയിലിലാണ്. 2015 ൽ അജ്ഞാതനായ ഒരു വിസിൽ ബ്ലോവറിൽ നിന്ന് ലഭിച്ച പരാതികളിൽ നിന്ന് സെബി അന്വേഷിച്ചു തുടങ്ങിയതാണ് ‘കോ–ലൊക്കേഷൻ ക്രമക്കേട്’. സെർവർ തിരിമറിയിലൂടെ ചില വൻകിട ബ്രോക്കർമാർക്കു ഹിതകരമല്ലാത്ത മുൻഗണന നൽകിയെന്നതാണ് കേസ്. എൻഎസ്ഇയിലെ എല്ലാ നിർണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നതു സന്യാസിയുടെ നിർദേശം അനുസരിച്ചായിരുന്നുവെന്നു കണ്ടെത്തിയ ‘സെബി’ ചിത്രയ്ക്കു പിഴശിക്ഷയും വിധിച്ചിരുന്നു.
English Summary: Chitra Ramkrishna in tihar jail