ADVERTISEMENT

ഹൈദരാബാദ് ∙ പ്രവാചകനെതിരെ പരാമർശം നടത്തിയെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ തെലങ്കാന ബിജെപി എംഎൽഎ ഠാക്കൂർ രാജാസിങ്ങിനെ കരുതൽ തടങ്കൽ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അറസ്റ്റിലായ രാജാസിങ്ങിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹൈദരാബാദ് നഗരത്തിലെ ഗോഷാമഹൽ എംഎൽഎ ആയ രാജാസിങ്ങിനെ വിവാദപ്രസംഗത്തിനു പിന്നാലെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച ഹൈദരാബാദിൽ മുനവർ ഫാറൂഖിയുടെ കോമഡി ഷോ തടയാൻ രാജാസിങ് ശ്രമിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നയാളാണ് മുനവർ എന്ന നിലയിലായിരുന്നു ഇത്. ഷോ തുടങ്ങും മുൻപ് കരുതൽ തടങ്കലിലാക്കിയതിൽ പ്രതിഷേധിച്ച് രാജാസിങ് പുറത്തുവിട്ട വിഡിയോയിൽ ആണ് പ്രവാചകനെതിരായ പരാമർശം ഉണ്ടായത്. ഇതേത്തുടർന്ന് നഗരത്തിൽ വൻ പ്രതിഷേധവും സംഘർഷവും ഉണ്ടായി. 

ഹൈദരാബാദിൽ ചില പ്രദേശങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് രാജാസിങ്ങിന്റെ വിദ്വേഷ പ്രസംഗത്തിന്റെ പ്രതിഫലനമാണെന്നും രാജാസിങ്ങിനെ എത്രയും വേഗം ജയിലിലാക്കണമെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് ജനങ്ങൾ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ, രാജാസിങ്ങിനെ തൂക്കിക്കൊല്ലണമെന്നും തലവെട്ടണമെന്നും ആവശ്യപ്പെട്ട് സ്കൂൾ കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ഹൈദരാബാദ് പൊലീസിന് നിർദേശം നൽകി. കുട്ടികൾ മുദ്രാവാക്യം വിളിക്കുന്ന വിഡിയോ പ്രചരിച്ച സാഹചര്യത്തിലാണ് നിർദേശം. ഈ സംഭവത്തിൽ സയ്യിദ് അബ്ദാഹു കഷാഫ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. 

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ കുടുംബത്തിന്റെ അഴിമതി ചർച്ചയാകാതിരിക്കാൻ വേണ്ടി തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) എഐഎംഐഎം പാർട്ടിയും ചേർന്ന് ബോധപൂർവം സൃഷ്ടിച്ചതാണ് സംഘർഷമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ്കുമാർ ആരോപിച്ചു. 

English Summary: Prophet Remarks Row: Telangana BJP's Raja Singh Arrested Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com