‘പിടിഐക്ക് സബ്സ്ക്രിപ്ഷൻ ഫീസ് കൂടുതൽ; ഹിന്ദുസ്ഥാൻ സമാചാറുമായി 3 വർഷം മുൻപേ കരാർ ഒപ്പുവച്ചു’
Mail This Article
ന്യൂഡൽഹി ∙ ആർഎസ്എസ് ബന്ധമുള്ള വാർത്താ ഏജൻസി ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി 3 വർഷം മുൻപേ കരാറിൽ ഏർപ്പെട്ടിരുന്നുവെന്നു വിവരം. 2022ൽ ഈ കരാർ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പുതുക്കുകയാണുണ്ടായതെന്നു പ്രസാർ ഭാരതി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദൂരദർശൻ, ആകാശവാണി എന്നിവയിലെ വാർത്തകൾക്കായി സ്വതന്ത്ര വാർത്താ ഏജൻസികളെ ഒഴിവാക്കി ഹിന്ദുസ്ഥാൻ സമാചാറുമായി കരാറിലേർപ്പെട്ടതു വിവാദമായ സാഹചര്യത്തിലാണു വിശദീകരണം.
വാർത്താ ഏജൻസിയായ പിടിഐയുമായുള്ള കരാർ 2020 ഒക്ടോബറിലാണു പ്രസാർ ഭാരതി നിർത്തലാക്കിയത്. സബ്സ്ക്രിപ്ഷൻ ഫീസ് കൂടുതലാണെന്നതായിരുന്നു വിശദീകരണം. പുതിയ ഏജൻസിക്കു വേണ്ടി കരാർ നടപടികൾ സ്വീകരിക്കുമെന്ന് അന്നു പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും ഹിന്ദുസ്ഥാൻ സമാചാറുമായി കരാറിൽ ഏർപ്പെടുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. 2020 ഫെബ്രുവരിയിലാണു പ്രസാർ ഭാരതിയുമായി ഹിന്ദുസ്ഥാൻ സമാചാർ കരാറിൽ ഏർപ്പെടുന്നത്. 2020, 21, 22 വർഷങ്ങളിൽ ഓരോ വർഷത്തേക്കും 2 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടു. 2017 മുതൽ ഹിന്ദുസ്ഥാൻ സമാചാർ വാർത്തകൾ സൗജന്യമായി പ്രസാർ ഭാരതിക്കു ലഭ്യമാക്കിയിരുന്നുവെന്നാണു വിവരം.
ഈ മാസം 14ന് ഒപ്പുവച്ച പുതിയ കരാർ അനുസരിച്ചു ഹിന്ദുസ്ഥാൻ സമാചാർ ദിവസവും കുറഞ്ഞതു 10 ദേശീയ വാർത്തകളും 40 പ്രാദേശിക വാർത്തകളും പ്രസാർ ഭാരതിക്കു നൽകണം. 2025 മാർച്ച് 31 വരെയുള്ള കരാർ 7.69 കോടി രൂപയ്ക്കാണു നൽകിയിരിക്കുന്നത്.
പ്രസാർ ഭാരതിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ‘ഒടുവിൽ പ്രസാർ ഭാരതി ബിജെപിയിൽ ലയിപ്പിക്കുന്നതാണ് ഉചിതം’ എന്നു തൃണമൂൽ രാജ്യസഭാംഗവും 2012 മുതൽ 2016 വരെ പ്രസാർ ഭാരതി സിഇഒയുമായിരുന്ന ജവ്ഹർ സിർക്കാർ ട്വീറ്റ് ചെയ്തു. 2024ലെ പൊതുതിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ദൂരദർശനിലും ആകാശവാണിയിലും വ്യാജവിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള നീക്കമാണിതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വിമർശിച്ചു.
മുതിർന്ന ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായിരുന്ന ശിവറാം ശങ്കർ ആപ്തെ 1948ൽ സ്ഥാപിച്ചതാണു ഹിന്ദുസ്ഥാൻ സമാചാർ. 1986ൽ സാമ്പത്തികപ്രതിസന്ധിയെത്തുടർന്നു പൂട്ടിയെങ്കിലും 2002ൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. മോദി സർക്കാരിന്റെ കാലത്തു പ്രവർത്തനം സജീവമാക്കിയ ഇതിനു 12 ഭാഷകളിൽ സേവനമുണ്ട്.
ഹിന്ദി, ഉറുദു, മറാഠി, ഒഡിയ, ബംഗ്ല, കന്നഡ, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, നേപ്പാളി, ഇംഗ്ലിഷ് എന്നീ ഭാഷകളിലാണു പ്രസാർ ഭാരതിക്ക് ഹിന്ദുസ്ഥാൻ സമാചാർ വാർത്തകൾ ലഭ്യമാക്കുക.
English Summary: Hindustan Samachar and Prasar Bharati