ഭോജ്പുരി നടിയുടെ മരണം: ഗായകൻ അറസ്റ്റിൽ

Mail This Article
ഗാസിയാബാദ് (യുപി) ∙ ഭോജ്പുരി നടി അകാൻഷ ദുബെ (25) ജീവനൊടുക്കിയ സംഭവത്തിൽ ഗായകൻ സമർ സിങ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 26നാണു നടിയെ വാരാണസിയിലെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ സമർസിങ്, സഹോദരൻ സഞ്ജയ് സിങ് എന്നിവർക്കെതിരെ നേരത്തേ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇരുവരും മകളെ 3 വർഷത്തോളം പീഡിപ്പിച്ചെന്ന നടിയുടെ അമ്മയുടെ പരാതി പ്രകാരമാണു കേസ്.
ഗാസിയാബാദിലെ രാജ്നഗറിൽ ഹൗസിങ് സൊസൈറ്റിയിൽനിന്നാണു സമർസിങ്ങിനെ പിടികൂടിയത്. നോയിഡ, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
നടിയെ ഹോട്ടൽമുറിയിൽ ആരോ കൊലപ്പെടുത്തിയതാണെന്നും ഈ കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടിയുടെ അഭിഭാഷകൻ ശശാക് ശേഖർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തയച്ചിട്ടുണ്ട്. അജ്ഞാതമായ ഏതോ ദ്രാവകത്തിന്റെ സാന്നിധ്യം നടിയുടെ ആമാശയത്തിൽ കണ്ടെത്തിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സൂചനയുണ്ട്. യുപിയിലെ ഭദോഹി ജില്ലയിലെ പാർസിപുരിൽനിന്നുള്ള അകാൻഷ മ്യൂസിക് വിഡിയോകളിലൂടെയാണു പ്രശസ്തി നേടിയത്. സിനിമയുടെ ചിത്രീകരണത്തിനാണു വാരാണസിയിലേക്കു പോയത്.
English Summary : Singer Samar Singh arrested in Bhojpuri actress akanksha Dubey's death