ADVERTISEMENT

പശക്കമ്പനിയുടെ പഴയൊരു പരസ്യം ഓർമവരും നിഖിൽ കുമാരസ്വാമിയുടെ പ്രചാരണ വാഹനത്തിന്റെ വരവുകണ്ടാൽ. തുറന്ന വാഹനത്തിൽ അകത്തും പുറത്തുമെല്ലാം കുത്തിനിറച്ച ആൾക്കാർ. കുഴിനിറഞ്ഞ റോഡിലൂടെ ആടിയുലഞ്ഞു പോയിട്ടും ആരും താഴെ വീഴാതെ ഒട്ടിപ്പിടിച്ചെന്ന പോലെ ഇരിക്കുന്നു. ഒടുവിൽ വാഹനത്തിന്റെ പിന്നിൽ പശക്കമ്പനിയുടെ പേരു  കാണുന്നിടത്ത് പരസ്യം അവസാനിക്കുന്നു. 

രാമനഗര മണ്ഡലത്തിലെ ഹാരോഹള്ളി ഗ്രാമത്തിന്റെ ഇടവഴിയിലൂടെ ജനതാദൾ (എസ്) സ്ഥാനാർഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിൽ വരുന്ന വാഹനത്തിന്റെ സ്ഥിതിയും ഇതാണ്. 30 പേരെങ്കിലും ഇടിച്ചുകയറി പൊതിഞ്ഞു നിൽക്കുന്ന വാഹനം. അവരെ ഒട്ടിച്ചു നിർത്തിയിരിക്കുന്ന പശയാണ് നിഖിൽ കുമാരസ്വാമി. 

മുൻ പ്രധാനമന്ത്രിയുടെ കൊച്ചുമകൻ, മുൻ മുഖ്യമന്ത്രിയുടെ മകൻ... കുടുംബം രാജവാഴ്ച നടത്തുന്ന ഒരു പാർട്ടിയുടെ രാജകുമാരൻ...സിനിമാനടൻ... ഈ കിരീടങ്ങളും ഉത്തരീയവുമെല്ലാം  അഴിച്ചുവച്ച് വെറും നിഖിൽ ആയി നടക്കുകയാണു നിഖിൽ കുമാരസ്വാമി ഗൗഡ. വീടുകളുടെ അടുക്കള വരെ കയറിച്ചെല്ലുന്നു. ആർക്കും ചെന്നു കെട്ടിപ്പിടിക്കാം, തോളിൽ കയ്യിടാം, സെൽഫിയെടുക്കാം. അടുത്ത വീട്ടിലെ പയ്യൻ അല്ല, സ്വന്തം വീട്ടുപയ്യൻ ഇമേജ് ആണ്  നിഖിലിന്. 

പക്ഷേ, നാട്ടുകാർക്കു നിഖിൽ രാജകുമാരനാണ്. പോകുന്നിടത്തെല്ലാം മഞ്ഞപ്പൂക്കളുടെ മഴ.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചലച്ചിത്രതാരം സുമലതയോട് ഒരു  ലക്ഷത്തിലേറെ വോട്ടിനു നേരിട്ട പരാജയഭാരം നിഖിലിന്റെ തലയിലുണ്ട്്. മുത്തച്ഛൻ മുൻ പ്രധാനമന്ത്രി  ദേവെഗൗഡയും അന്നു തോറ്റല്ലോ എന്ന് ആശ്വസിക്കാമെന്നു മാത്രം. ഹാരോഹള്ളിയിൽ മസ്ജിദ്  റോഡിലെ  ചെറിയൊരു വീട്ടിലിരുന്നു നിഖിൽ ‘മനോരമ’യോടു മനസ്സ് തുറന്നു.

 

∙എല്ലാവർക്കും അറിയേണ്ടത് ഇതാണ്.എന്താണ് ദളിന്റെ  പ്ലാൻ? 

ജയിക്കുക, ജയിക്കുക, ജയിക്കുക. 120 സീറ്റ്  നേടി അധികാരത്തിലെത്തുക

∙അതു നടക്കുമോ, നിങ്ങൾ 20 സീറ്റിൽ താഴെ അവസാനിക്കുമെന്നാണല്ലോ കോൺഗ്രസും ബിജെപിയും പറയുന്നത്?

അതു തീരുമാനിക്കുന്നത് കോൺഗ്രസും ബിജെപിയുമല്ല. വോട്ടർമാരാണ്.

∙ബിജെപിയോ കോൺഗ്രസോ നൂറിനടത്തു സീറ്റ്  നേടുകയും ദൾ പിടിച്ച സീറ്റുകൾ നിർണായകമാവുകയും ചെയ്താൽ ?

അത്തരമൊരു സാഹചര്യം വരില്ല. വന്നാൽ വോട്ടർമാരോടു ചോദിക്കും.

∙സീറ്റ് നിർണയവുമായി ബന്ധപ്പെട്ടു കുടുംബത്തിൽ തർക്കമുണ്ടായിരുന്നല്ലോ. 

സീറ്റ് ചർച്ചകൾ വരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ  സ്വാഭാവികം. ഇപ്പോൾ ഒറ്റക്കെട്ടാണ്. 

∙മുസ്‌ലിം മേഖലയിൽ നിങ്ങൾ പ്രചാരണം കേന്ദ്രീകരിക്കുന്നു. അധികാരത്തിലെത്തിയാൽ അവരുടെ സംവരണം തിരികെ കൊണ്ടുവരുമെന്നും പറയുന്നു.  ബിജെപിയുമായി മുൻപ് കൈകോർത്ത നിങ്ങളെ അവർ വിശ്വസിക്കുമോ.

 മുൻപ് അത്തരമൊരു സാഹചര്യമുണ്ടായി എന്നതു ശരി. ഇനി അതിന്റെ ആവശ്യം വരുമെന്നു തോന്നുന്നില്ല. മുസ്‌ലിം സംവരണം 4% ആക്കിയതു തന്നെ എന്റെ മുത്തച്ഛന്റെ (ദേവെഗൗഡ) നേതൃത്വത്തിലുള്ളള 1995 ലെ ദൾ സർക്കാരാണ്. 

സിനിമയോടു തൽക്കാലം വിട പറഞ്ഞോ

ഉവ്വ്. ഇത്  24 മണിക്കൂറും പണിയെടുക്കേണ്ട ജോലിയാണ്. ഇടയ്ക്കു സിനിമ പറ്റില്ല.  

ആരോഗ്യപ്രശ്നങ്ങൾ മൂലം കുമാരസ്വാമിക്കും ദേവെഗൗഡയ്ക്കും പ്രചാരണത്തിൽ അത്ര സജീവമാകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ‍കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോഴെന്നപോലെ അത്രയേറെ ശ്രദ്ധിച്ചാണ് കുടുംബം നിഖിലിനെ ഇത്തവണ മണ്ഡലത്തിലേക്കു വിട്ടിരിക്കുന്നത്. അമ്മ അനിത കുമാരസ്വാമി സിറ്റിങ് സീറ്റ് സുരക്ഷിതമായി നൽകിയിരിക്കുന്നു. തോറ്റാലും എങ്ങനെ ജയിക്കാം എന്നതിന്റെ പാഠപുസ്തകങ്ങളായി അച്ഛനും മുത്തച്ഛനുമുണ്ട് കൂടെ.

 

English Summary: Karnataka election and Nikhil Kumaraswamy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com