കണ്ണീർപ്പാളം; രക്ഷാദൂതരായി ഗ്രാമീണർ, ഒഴുകിയെത്തി ബാലസോർ
Mail This Article
ബാലസോർ (ഒഡീഷ) ∙ കൊൽക്കത്ത- ഭുവനേശ്വർ ദേശീയപാത 16നു സമാന്തരമായാണ് ബഹനാഗ റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിൽനിന്ന് 100 മീറ്റർ അകലെ ഇരുമ്പയിരുമായി നിർത്തിയിട്ട ഗുഡ്സ് ട്രെയിനിലാണ് കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറിയത്.
ദേശീയപാതയ്ക്കു സമീപം വയലുകൾക്കു നടുവിലൂടെയാണു റെയിൽപാത. അപകടം നടന്ന് മിനിറ്റുകൾക്കകം നാട്ടുകാർ ഓടിയെത്തി. നൂറുകണക്കിനു പേരെയാണ് അവർ കോച്ചുകളിൽനിന്നു രക്ഷപ്പെടുത്തിയത്. കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് കോച്ചുകളിൽനിന്ന് അവർ ആളുകളെ പുറത്തെടുത്തു. യാത്രക്കാരിൽ പലരുടെയും മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനാൽ ഉറ്റവരെ ബന്ധപ്പെടാൻ സഹായിച്ചതും നാട്ടുകാരാണ്. മാതാപിതാക്കളെയും മറ്റും കാണാതായ കുട്ടികൾക്കു തുണയായി.
‘വൈകിട്ട് 7 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ചായക്കടയിൽ ഇരിക്കുമ്പോഴാണ് വൻ ശബ്ദവും കൂട്ടനിലവിളിയും കേട്ടത്. ഓടിയെത്തിയപ്പോൾ കണ്ട കാഴ്ചയിൽ ഞെട്ടിത്തരിച്ചുപോയി. സമയമൊട്ടും പാഴാക്കാതെ രക്ഷിക്കാനിറങ്ങി’– രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയവരിൽ ഒരാളായ രണജിത് ഗിരി പറഞ്ഞു. ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ട്രക്ക് ഡ്രൈവർമാരും സഹായത്തിനെത്തി. അപകടം നടന്ന് ഏതാനും മണിക്കൂറുകളോളം ഇരുട്ടത്ത് പാടങ്ങളിലൂടെ ഇഴഞ്ഞും മുടന്തിയും നടക്കുന്നവരെ കാണാമായിരുന്നെന്നു സമീപവാസികൾ പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേനയുടെ 9 യൂണിറ്റും ഒഡീഷ ദുരന്തനിവാരണ സേനയുടെ 5 യൂണിറ്റും കരസേനയും അഗ്നിരക്ഷാസേനയും കഠിനാധ്വാനം ചെയ്തിട്ടും എല്ലാ മൃതദേഹങ്ങളും പുറത്തെടുക്കാനായിട്ടില്ല. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് കോച്ചുകളുടെ കമ്പി മുറിച്ചുമാറ്റിയും റെയിൽവേയുടെ കൂറ്റൻ ക്രെയിൻ ഉപയോഗിച്ചും രക്ഷാപ്രവർത്തനം രാത്രിയും തുടരുകയാണ്.
ദക്ഷിണേന്ത്യയിൽ തൊഴിൽ ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളികളും മറ്റുമാണു ട്രെയിനിൽ ഏറെയുണ്ടായിരുന്നത്. സ്ലീപ്പർ കോച്ചുകളിലും മറ്റും പരിധിയിൽ കവിഞ്ഞ യാത്രക്കാരുണ്ടായിരുന്നു. ടിക്കറ്റ് എടുക്കാത്ത യാത്രക്കാരും ട്രെയിനിൽ ഉണ്ടായിരുന്നതിനാൽ പലരെയും തിരിച്ചറിയാനായിട്ടില്ല. അപകടത്തിൽ പലഭാഗത്തും ട്രാക്കുകൾ തകർന്നിട്ടുണ്ട്. ഇവ ശരിയാക്കിയിട്ടേ ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനരാരംഭിക്കൂ.
English Summary: Villagers came in for rescue operation of victims in Odisha Balasore train accident