രാജ്യമെങ്ങും രോഷാഗ്നി; അണയുന്നില്ല മണിപ്പുർ
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. ഒരാൾ 19 വയസ്സുകാരനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. വ്യാഴാഴ്ച അറസ്റ്റിലായ 4 പേരെയും പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇതിനിടെ, ഘാരി മേഖലയിലെ ദേശീയപാതയിൽ സ്ത്രീകൾ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിനെ തുടർന്ന് ഇംഫാലിൽ വീണ്ടും സംഘർഷമുണ്ടായി. റോഡിനിരുവശവും ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവയ്പും കൊള്ളയും അക്രമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അക്രമത്തിനിരയായ സ്ത്രീകൾക്ക് അടിയന്തരമായി നീതി ലഭിക്കണമെന്ന് യുണൈറ്റഡ് നാഗാ കൗൺസിൽ, ഓൾ നാഗ സ്റ്റുഡന്റ്സ് അസോസിയേഷൻ മണിപ്പുർ, നാഗാ പീപ്പിൾസ് ഫ്രണ്ട് മണിപ്പുർ എന്നിവയുൾപ്പെടെയുള്ള നാഗാ വിഭാഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ചും കുക്കി പ്രദേശങ്ങൾക്ക് പ്രത്യേക ഭരണം ആവശ്യപ്പെട്ടും ഇന്നലെ ചുരാചന്ദ്പുരിൽ പ്രതിഷേധ റാലികളും നടന്നു.
മേയ് നാലിനാണ് മണിപ്പുരിലെ ബിപൈന്യം ഗ്രാമത്തിൽ ഗോത്രവർഗക്കാരായ 3 സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം ചിത്രീകരിച്ച 26 സെക്കൻഡ് നീളമുള്ള വിഡിയോ ബുധനാഴ്ചയാണു പുറത്തുവന്നത്.
വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 21ന് കാംഗ്‌പോപി ജില്ലയിലെ സൈകുൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. സ്ത്രീകളെ നഗ്നരാക്കി നടത്തിയതിനു തൊട്ടുമുൻപ് അക്രമത്തിൽനിന്നു സഹോദരിയെ സംരക്ഷിക്കാൻ ശ്രമിച്ച ഒരു പുരുഷനെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ ഒരു യുവതി അസം റെജിമെന്റിലെ മുൻ സുബേദാറായിരുന്ന കാർഗിൽ സൈനികന്റെ ഭാര്യയാണ്.
മെയ്തെയ് വിഭാഗത്തിനു പട്ടികവർഗപദവി നൽകാനുള്ള കോടതി ഉത്തരവിൽ പ്രതിഷേധിച്ചു മലയോര ജില്ലകളിൽ ആദിവാസി മാർച്ച് സംഘടിപ്പിച്ചതിനെത്തുടർന്നാണു മേയ് ആദ്യവാരം കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 160 പേരോളം കൊല്ലപ്പെട്ടു.
ഇതിനിടെ, മിസോറമിലുള്ള മണിപ്പുർ സ്വദേശികളായ മെയ്തെയ് വംശജരോടു സംസ്ഥാനം വിടാൻ മുൻ മിസോ കലാപകാരികൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, തലസ്ഥാനമായ ഐസോളിലുള്ള മണിപ്പുർകാർക്ക് സർക്കാർ സുരക്ഷ വർധിപ്പിച്ചു.
പ്രത്യേക കുക്കി സംസ്ഥാനം: ഡൽഹിയിൽ പ്രക്ഷോഭം
ന്യൂഡൽഹി ∙ മണിപ്പുരിലെ വംശീയകലാപം തുടരുന്നതിനിടെ, കുക്കി വിഭാഗത്തിനു പ്രത്യേക സംസ്ഥാനമോ ഭരണമേഖലയോ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തു പ്രതിഷേധം. ഗോത്ര വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടത്തിയ ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഡൽഹി സർവകലാശാല, ജെഎൻയു എന്നിവിടങ്ങളിലെ കുക്കി വിദ്യാർഥികളും അണിനിരന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രതികൾക്കു വധശിക്ഷ നൽകുക, ഗോത്ര സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക, മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഇന്ത്യ മുന്നണിയുടെ ആദ്യ സമരം നാളെ
‘ഇന്ത്യ’ പ്രതിപക്ഷ മുന്നണി നാളെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തും. മുന്നണി രൂപീകരിച്ച ശേഷം പ്രതിപക്ഷം ഒറ്റക്കെട്ടായി നടത്തുന്ന ആദ്യ സമരമാണിത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിന്റെ ഇരു സഭകളിലും സംസാരിക്കണമെന്നാണ് ആവശ്യം.
English Summary: Protest across India over violence in Manipur