തിരഞ്ഞെടുപ്പിൽ ഗോളടിക്കാൻ ‘മിസോ സ്നൈപ്പർ’ ജെജെ
Mail This Article
രാജ്യാന്തര ഫുട്ബോളിൽനിന്നു പൊടുന്നനെ വിരമിച്ച സ്റ്റാർ സ്ട്രൈക്കർ ജെജെ ലാൽപെഖുല മിസോറമിലുണ്ട്. ഐസോളിൽ നിന്ന് 6 മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ടുപുയി എന്ന മനോഹരമായ നിയമസഭാ മണ്ഡലത്തിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാർഥിയായി. ചെന്നൈ എഫ്സി താരമായിരുന്ന ജെജെ, 8 മാസം മുൻപാണു പ്രഫഷനൽ ഫുട്ബോളിൽ നിന്നു വിരമിച്ചത്. സൂപ്പർ ലീഗിൽ എറ്റവും കൂടുതൽ ഗോളടിച്ച രണ്ടാമത്തെ ഇന്ത്യക്കാരനാണ് ‘മിസോ സ്നൈപ്പർ’ എന്ന ഓമനപ്പേരുള്ള ജെജെ.
രാജ്യത്തിന്റെ കിഴക്കേ അറ്റത്തുള്ള ചംപായ് എന്ന ഇന്ത്യ- മ്യാൻമർ അതിർത്തി പട്ടണത്തിന്റെ അടുത്താണ് ടുപുയി മണ്ഡലം. പുലർച്ചെ മുതൽ രാത്രി വരെ തിരഞ്ഞെടുപ്പു പ്രചാരണത്തിലാണ് ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരങ്ങളിലൊരാളായിരുന്ന ജെജെ. വീടുകയറിയുള്ള വോട്ടുചോദിക്കലിനു പൗരസംഘടനകൾ വിലക്കേർപ്പെടുത്തിയതിനാൽ ചെറിയ കവലയോഗങ്ങളിൽ പങ്കെടുക്കുകയാണ് പതിവ്. ഒപ്പം ചെറിയ കുടുംബ യോഗങ്ങളും. മണ്ഡലത്തിൽ വേരുകളുള്ള ജെജെ ഫുട്ബോൾ ഹരമായി കൊണ്ടുനടക്കുന്ന മിസോ യുവത്വത്തിന്റെ ഹീറോ കൂടിയാണ്. സ്വന്തം ഗ്രാമമായ നാഹ്തിയാലിൽ ജെജെ 12 ഫുട്ബോൾ അക്കാദമി എന്ന പേരിൽ പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. അൻപതോളം കുട്ടികളാണ് ഇവിടെ പരിശീലനത്തിനുള്ളത്. മിസോ പ്രഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ അദ്ദേഹം വിവിധ അസോസിയേഷനുകളിലും പ്രവർത്തിക്കുന്നു.
കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടും (എംഎൻഎഫ്) മാത്രം ഭരിച്ച മിസോറമിൽ അട്ടിമറിക്കായി ഒരുങ്ങുകയാണ് സെഡ്പിഎം. കഴിഞ്ഞതവണ സ്വതന്ത്രരായി മൽസരിച്ച സെഡ്പിഎം സ്ഥാനാർഥികളിൽ 8 പേർ ജയിച്ച് പ്രധാന പ്രതിപക്ഷമായി. 2019 ൽ രാഷ്ട്രീയ പാർട്ടിയായി രൂപീകരിച്ച സെഡ്പിഎം ആണു ഭരണകക്ഷിയായ എംഎൻഎഫിന് ഏറ്റവും ഭീഷണി. താൻ ജയിക്കമെന്നും സെഡ്പിഎം ഭരണത്തിലെത്തുമെന്നും ജെജെ മനോരമയോട് പറഞ്ഞു.