തുടക്കത്തിന് കാമറെഡ്ഡി, തുടർച്ചയ്ക്ക് ഗജ്വേൽ; രണ്ടിടത്ത് പത്രിക നൽകി പ്രചാരണത്തിനു തുടക്കമിട്ട് തെലങ്കാന മുഖ്യമന്ത്രി
Mail This Article
ആദ്യം വന്നതു ട്രാക്ടറുകളും പടുത കൊണ്ടു മേൽക്കൂര കെട്ടിയ ട്രക്കുകളും. അതിൽ കന്നുകാലികളെ അട്ടിയിട്ടതു പോലെ തെലങ്കാനയിലെ ഗ്രാമീണർ. നിലത്തുവച്ച കസേരയിൽ ചവിട്ടി ട്രക്കിൽ നിന്നിറങ്ങിയ അവർ കാമറെഡ്ഡി ഗവ.കോളജ് ഗ്രൗണ്ടിലേക്ക്. ഗ്രൗണ്ട് നിറഞ്ഞതിനു ശേഷമാണു നൂറോളം കാറുകളുടെ അകമ്പടിയോടെ ജനനായകനെത്തിയത്; മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. കത്തുന്ന വെയിലിൽ കാത്തുനിൽക്കുന്നവരുടെ ഇടയിലേക്കു കാരവൻ മാതൃകയിൽ പണിതീർത്ത ബുള്ളറ്റ് പ്രൂഫ് ബസിൽ കെസിആർ എത്തിയപ്പോൾ, കഴുത്തിൽ ചുറ്റിയ പിങ്ക് ഷാളുകൾ വായുവിൽ ചുഴറ്റി അണികൾ ആർത്തുവിളിച്ചതു നായകന്റെ പേരല്ല; നാടിന്റെ പേരാണ്; ‘ജയ് തെലങ്കാന.’
നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം സ്വന്തം മണ്ഡലത്തിൽ കെസിആർ പ്രചാരണത്തിനു തുടക്കമിടുകയാണ്. ഇക്കുറി ആദ്യമായി 2 മണ്ഡലങ്ങളിൽ നിന്നാണു ജനവിധി തേടുന്നത്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ച ഗജ്‌വേലിനു പുറമേ കാമറെഡ്ഡിയിലും മത്സരിക്കുന്നു. രണ്ടിടത്തും ഇന്നലെയാണു നാമനിർദേശ പത്രിക നൽകിയത്. പൊതുയോഗം പക്ഷേ, കാമറെഡ്ഡിയിൽ മാത്രമാണ്. കാരണം കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും ബിആർഎസിന്റെ പ്രചാരണത്തിന്റെ സമാപനം ഗജ്‌വേലിലായിരുന്നു. മൂന്നാം വട്ടവും വിജയം ആവർത്തിക്കാൻ രീതികളിലൊന്നും മാറ്റം വരുത്തുന്നില്ല. അപ്പോൾ രണ്ടിടത്തു മത്സരിക്കുന്നതോ? അതു തന്ത്രപരമായ നീക്കമാണെന്ന് പറഞ്ഞു നേതാക്കൾ ചിരിച്ചൊഴിഞ്ഞു.
തന്ത്രമേതായാലും 2 മണ്ഡലത്തിലും ഇക്കുറി കെസിആർ കനത്ത വെല്ലുവിളി നേരിടുന്നു. ഗജ്‌വേലിൽ ബിജെപി പ്രചാരണ സമിതി അധ്യക്ഷനായ ഏട്ടല രാജേന്ദർ കെസിആറിനെ നേരിടാനെത്തുമ്പോൾ രണ്ടാം മണ്ഡലമായ കാമറെഡ്ഡിയിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രേവന്ത് റെഡ്ഡി മത്സരിക്കുന്നു. രാജേന്ദറും രേവന്ത് റെഡ്ഡിയും ഇക്കുറി 2 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. രാജന്ദർ ഹുസുറാബാദിലും രേവന്ത് റെഡ്ഡി കോടങ്കലിലും.
ബിജെപിക്കും കോൺഗ്രസിനും പുറമേ മറ്റൊരു വെല്ലുവിളി കൂടി കാമറെഡ്ഡിയിൽ കെസിആറിനു മുൻപിലുണ്ടായിരുന്നു. നഗരവികസനത്തിന്റെ ഭാഗമായി നൂറോളം കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ കാമറെഡ്ഡി നഗരസഭ തീരുമാനിച്ചതോടെ പ്രക്ഷോഭം തുടങ്ങി. കെസിആറിനെതിരെ 100 പേരും മത്സരിക്കുമെന്നു ഭീഷണി മുഴക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 178 മഞ്ഞൾ കർഷകർ പ്രതിഷേധ സൂചകമായി മത്സരിച്ച നിസാമാബാദ് മണ്ഡലത്തിൽ മകൾ കെ.കവിത പരാജയപ്പെട്ടത് ഓർത്താകണം, കാമറെഡ്ഡി നഗരവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. ഇന്നലെ കാമറെഡ്ഡിയിലെ പൊതുയോഗത്തിൽ സർക്കാരിന്റെ കർഷകക്ഷേമ പദ്ധതികളിലൂന്നിയായിരുന്നു കെസിആറിന്റെ പ്രസംഗം.
കെസിആർ ചെല്ലുമ്പോൾ യോഗം തുടങ്ങും; പ്രസംഗം നിർത്തുമ്പോൾ അവസാനിക്കും. സ്വാഗതവും നന്ദിയുമൊന്നുമില്ല. വേദിയിലിരിക്കുന്ന പ്രമുഖരുടെ പേരുകൾ കെസിആർ തന്നെ പറയുമ്പോൾ അവർ എഴുന്നേറ്റു നിന്നു കൈ കൂപ്പും. മറ്റാരും പ്രസംഗിക്കില്ല. കെസിആർ വരുന്നതുവരെ തെലങ്കാന സമരഗാനങ്ങളും ബിആർസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ ഗാനങ്ങളും ഗായകർ ആലപിക്കും. അണികൾ നൃത്തം ചവിട്ടും. അതിൽ പല ഗാനങ്ങളും കെസിആർ തന്നെ എഴുതിയതാണ്.
ജനങ്ങളും കെസിആറും പരസ്പരം കാണുന്നതും ഇത്തരം പൊതുയോഗങ്ങളിൽ മാത്രമാണ്. മാധ്യമങ്ങളുമായി സംസാരമില്ല. സ്വന്തം മണ്ഡലത്തിൽ പോലും ജനങ്ങൾക്കിടയിലിറങ്ങി വോട്ടു ചോദ്യമില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇനി 3 ദിവസം വിശ്രമമാണ്. അതു കഴിഞ്ഞാൽ വീണ്ടും പൊതുയോഗങ്ങൾ.