തെലങ്കാന: 15 കോൺഗ്രസ് വിമതർ പിൻവാങ്ങി

Mail This Article
ഹൈദരാബാദ് ∙ തെലങ്കാനയിൽ വിമതനീക്കത്തിനു കോൺഗ്രസ് തടയിട്ടു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഹൈദരാബാദിലെത്തി നേരിട്ടു ചർച്ച നടത്തിയതോടെ 15 സീറ്റുകളിൽ വിമതർ പിൻവാങ്ങി. തെലങ്കാനയിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതോടെയാണ് സീറ്റുമോഹികളുടെ എണ്ണം കൂടിയത്.
സീറ്റ് ലഭിക്കാതായതോടെ 15 ഇടത്ത് മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിമതരായി മത്സരിക്കാനൊരുങ്ങി. ടിപിസിസി വർക്കിങ് പ്രസിഡന്റ് ടി.ജഗ്ഗ റെഡ്ഡി, മുൻ കേന്ദ്രമന്ത്രി ബൽറാം നായിക്, എൻഎസ്‌യു സംസ്ഥാന പ്രസിഡന്റ് വെങ്കിട് ബാൽമുർ, ഒബിസി വിഭാഗം സംസ്ഥാന പ്രസിഡന്റ് എൻ.പ്രീതം ഉൾപ്പെടെയുള്ളവർ വിമതരായി രംഗത്തുവന്നതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടത്.
വ്യാഴാഴ്ച രാത്രി ഡൽഹിയിൽ നിന്നു ഹൈദരാബാദിലെത്തിയ കെ.സി.വേണുഗോപാൽ 15 നേതാക്കളുമായും ചർച്ച നടത്തി. പാർട്ടി അച്ചടക്കം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനൊപ്പം കോൺഗ്രസ് അധികാരത്തിലെത്തിയാൽ മികച്ച പരിഗണന ലഭിക്കുമെന്നും ഉറപ്പും ലഭിച്ചതോടെയാണു വിമതർ പിൻവാങ്ങിയത്. തെലങ്കാനയിൽ ഇന്നലെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.