‘എരിവുള്ള’ മുളുഗു; മുൻ വിപ്ലവകാരികളുടെ പോരാട്ടം
Mail This Article
തെലങ്കാന– ഛത്തീസ്ഗഡ് അതിർത്തിയിലെ മുളുഗു വനമേഖലയിലേക്കു കാർ പ്രവേശിച്ചപ്പോൾ ഡ്രൈവർ ഓർമിപ്പിച്ചു ‘‘പണ്ട് വന്യമൃഗങ്ങളെയും മാവോയിസ്റ്റുകളെയും പേടിച്ച് ഇതുവഴി ആരും വരാറില്ല’’.
വന്യമൃഗങ്ങൾ ഇപ്പോഴുമുണ്ടെങ്കിലും മാവോയിസ്റ്റുകളിൽ പ്രമുഖരെല്ലാം ആയുധം താഴെവച്ചു. തൊണ്ണൂറൂകളിൽ മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്നു വടക്കൻ തെലങ്കാനയിലെ മുളുഗു മേഖല. മാവോയിസ്റ്റ് സംഘടനകളായ ജനശക്തിയും പീപ്പിൾസ് വാർ ഗ്രൂപ്പും സായുധ കലാപം നടത്തിയ ഇടം. മുളുഗു നിയമസഭാ മണ്ഡലത്തിൽ ഇത്തവണ 2 പഴയ മാവോയിസ്റ്റുകൾ മത്സരിക്കുന്നു.
ജനശക്തി ഗ്രൂപ്പിന്റെ കമാൻഡറായിരുന്ന ഡി.അനസൂയ എന്ന സീതക്ക കോൺഗ്രസിനു വേണ്ടിയും പീപ്പീൾസ് വാർ ഗ്രൂപ്പ് നേതാവായിരുന്ന ബി.നാഗേശ്വർ റാവുവിന്റെ മകൾ ബി.നാഗജ്യോതി ബിആർസിനായും പോരാടുമ്പോൾ ഓർമകളിൽ വെടിയൊച്ച മുഴങ്ങും. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണു നാഗജ്യോതിയുടെ പിതാവും അമ്മാവനും അനസൂയയുടെ ഭർത്താവും സഹോദരനുമെല്ലാം കൊല്ലപ്പെട്ടത്.
16–ാം വയസ്സിലാണ് അനസൂയ ജനശക്തി ഗ്രൂപ്പിൽ ചേർന്നത്. ആയുധപരിശീലനം നേടിയ ശേഷം വൈകാതെ ഗ്രൂപ്പ് കമാൻഡറായി. ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടിയായിരുന്നു പോരാട്ടം. പൊലീസ് ഏറ്റുമുട്ടലിൽ ഭർത്താവും സഹോദരനും കൊല്ലപ്പെട്ടതോടെ 1998 ൽ കീഴടങ്ങി. 2014 ൽ ടിഡിപി സ്ഥാനാർഥിയായി മുളുഗുവിൽ നിന്നു നിയമസഭയിലെത്തി.
2017 ൽ കോൺഗ്രസിൽ ചേർന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നു മുഖ്യമന്ത്രിയാക്കാവുന്ന സ്ഥാനാർഥിയാണ് സീതക്കയെന്നു പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ആയുധം താഴെവച്ച ശേഷം നിയമപഠനം നടത്തിയ അനസൂയ എൽഎൽഎം ബിരുദധാരിയാണ്. ‘പണ്ട് ഞാൻ ആദിവാസികളുടെ അവകാശങ്ങൾക്കായി ഗൺ ഉപയോഗിച്ചു; ഇപ്പോൾ ഗവൺമെന്റിനെ ഉപയോഗിക്കുന്നു – സീതക്ക പറയുന്നു.
നിലവിൽ മുളുഗു ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ് ബിആർഎസ് സ്ഥാനാർഥി ബി.നാഗജ്യോതി. ‘8 മണ്ഡലങ്ങളുള്ള മുളുഗു നിയമസഭാ മണ്ഡലത്തിലെ 5 മണ്ഡലങ്ങളും എന്റെ അച്ഛന്റെ പ്രവർത്തന കേന്ദ്രമായിരുന്നു. അദ്ദേഹം ആദിവാസികൾക്ക് വിദ്യാഭ്യാസ, ചികിത്സാ സൗകര്യങ്ങൾ ഒരുക്കി. ശുദ്ധജലമെത്തിച്ചു. അച്ഛനോടുള്ള ജനങ്ങളുടെ സ്നേഹം ഞാൻ അനുഭവിക്കുന്നുണ്ട്’– നാഗജ്യോതി പറഞ്ഞു. തൊണ്ണൂറുകളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനു പുറമേ പീപ്പിൾസ് വാർ ഗ്രൂപ്പും ജനശക്തിയും പരസ്പരം പോരടിച്ചിരുന്നു. 2 പതിറ്റാണ്ടിനു ശേഷം അത് ഒരു വോട്ടുപോര് ആയി വീണ്ടും സജീവമാകുന്നു.