മുഖ്യമന്ത്രിമാരെത്തേടി ബിജെപി; ചർച്ചകൾ തുടങ്ങി
Mail This Article
രാജസ്ഥാൻ: വസുന്ധരയോ ബാലക്നാഥോ?
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രാജസ്ഥാനിൽ നിന്നുള്ള നേതാക്കളുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ബാബാ ബാലക്നാഥ്, പാർട്ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ സി.പി.ജോഷി, അർജുൻ റാം മേഘ്‌വാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
എംപി കൂടിയായ ബാബാ ബാലക്നാഥ് ഡൽഹിക്കു തിരിച്ചതോടെ ജയ്പുരിൽ വസുന്ധര രാജെയുടെ വസതിയിൽ അവരെ പിന്തുണയ്ക്കുന്ന എംഎൽഎമാർ എത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ മാസം ഏഴിനകം മുഖ്യമന്ത്രിയാരെന്ന് അറിയാനാവുമെന്ന് നേതാക്കളിലൊരാൾ പറഞ്ഞു.
മധ്യപ്രദേശ്: തുടരുമോ ചൗഹാൻ?
ശിവ്‌രാജ് സിങ് ചൗഹാനെത്തന്നെ മുഖ്യമന്ത്രിയായി ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും നിയോഗിക്കണമെന്ന അഭിപ്രായം ശക്തമാണെങ്കിലും ദേശീയ നേതൃത്വത്തിനു താൽപര്യമില്ലെന്നാണ് സൂചന. വൻ വിജയം നേടിയ സാഹചര്യത്തിൽ ശിവ്‌രാജിനെപ്പോലെയുള്ള വലിയ നേതാവിനെ അവഗണിക്കരുതെന്ന ആവശ്യം ശക്തമാണ്. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖനുമായ പ്രഹ്ലാദ് സിങ് പട്ടേൽ ഇന്നലെ പാർലമെന്റിൽ ദേശീയ നേതാക്കളുമായി ചർച്ചകൾ നടത്തിയതായാണ് വിവരം.
ഛത്തീസ്ഗഡ്: വരുമോ ഗോത്ര വനിത?
സംസ്ഥാനനേതാക്കൾ ഇന്ന് ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നറിയുന്നു. ഇവിടെയും ഏഴിന് നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള വനിതാ മുഖ്യമന്ത്രിയെന്ന ആവശ്യം ശക്തമാണ്. പാർട്ടിക്കൊപ്പം നിന്ന വനിതകളെയും ഗോത്ര വിഭാഗക്കാരെയും പരിഗണിക്കാനാണിത്.