മിസോറം: ലാൽഡുഹോമ അധികാരമേറ്റു; 11 മന്ത്രിമാരിൽ ഒരു വനിതയും
Mail This Article
കൊൽക്കത്ത ∙ മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മിസോറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തുന്നത്. ഗവർണർ ഹരിബാബു കംഭംപാടി സത്യപ്രതിഞ ചൊല്ലിക്കൊടുത്തു. 40 അംഗ നിയമസഭയിൽ 27 സീറ്റാണ് സെഡ്പിഎം നേടിയത്.
മുൻ ഐപിഎസ് ഓഫിസറാണ് ലാൽഡുഹോമ (74). പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അദ്ദേഹം ഉദ്യോഗം രാജിവച്ചാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 7 കാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരും ഉൾപ്പെടെ 11 മന്ത്രിമാർ ചുമതലയേറ്റു. സെഡ്പിഎം വർക്കിങ് പ്രസിഡന്റ് കെ.സപ്ദാംഗ, മുൻ മുഖ്യമന്ത്രി സോറാംതാംഗയെ തോൽപ്പിച്ച ലാൽതാങ്സാംഗ, പ്രശസ്ത ഫുട്ബോൾ സംഘാടകനും മാധ്യമപ്രവർത്തകനുമായ ടെറ്റി മാർ എന്നിവർ മന്ത്രിമാരാണ്. മിസോറമിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മന്ത്രിയായി ലാൽറിൻപുയിയും സത്യപ്രതിജ്ഞ ചെയ്തു.
അഴിമതിരഹിത, കർഷക ക്ഷേമ ഭരണത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് ലാൽഡുഹോമ പറഞ്ഞു. ഇഞ്ചി, മഞ്ഞൾ, മുളക്, ചൂലിന് ഉപയോഗിക്കുന്ന പുല്ല് എന്നിവ സർക്കാർ മിനിമം വില നിശ്ചയിച്ച് വാങ്ങും. മുൻ സർക്കാരുകളുടെ അഴിമതി അന്വേഷിക്കുന്നതിനായി സിബിഐയെ ഏൽപ്പിക്കുമെന്നും ലോകായുക്ത ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എംഎൻഎഫ് സർക്കാർ രൂപീകരിച്ച 14 ബോർഡുകൾ പിരിച്ചുവിടുമെന്നും ലാൽഡുഹോമ പറഞ്ഞു.