ജെഎൻ.1 പടരുന്നു; കനത്ത ജാഗ്രത
Mail This Article
ന്യൂഡൽഹി ∙ കോവിഡ് പോസിറ്റീവാകുന്നവരുടേതിനു പുറമേ, ന്യുമോണിയ ഉൾപ്പെടെ ശ്വാസകോശരോഗ ബാധിതരുടെ സാംപിളുകളും ജനിതക പരിശോധനയ്ക്കു വിധേയമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 വ്യാപനവേഗം കൊണ്ട് ആശങ്കപ്പെടുത്തുന്നതിനിടെയാണു നിർദേശം. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ അവലോകന യോഗം വിളിച്ചു. മന്ത്രി വീണാ ജോർജ് പങ്കെടുത്തു.
ജനിതക ശ്രേണീകരണം വഴിയുള്ള നിരീക്ഷണത്തിന് ഊന്നൽ കൊടുക്കാനാണ് പ്രധാന നിർദേശം. ഇതിനായി ഐസിഎംആറിനു കീഴിലെ ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗിൽ സാംപിളുകൾ അയയ്ക്കാനും സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകി.
കോവിഡ് തയാറെടുപ്പുകൾ പരിശോധിക്കാൻ 3 മാസം കൂടുമ്പോൾ മോക് ഡ്രിൽ നടത്തണം. മരുന്ന്, ഓക്സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, വാക്സീനുകൾ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്താനാണിത്.
ആശങ്കപ്പെടേണ്ടെന്ന് ഡബ്ല്യുഎച്ച്ഒ
പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ വർധനയ്ക്ക് കാരണമായെങ്കിലും ജെഎൻ.1 ഉപവകഭേദം വേരിയന്റ് ഓഫ് ഇന്ററസ്റ്റ് (VOI) മാത്രമേ ആകുന്നുള്ളുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. കരുതലെടുക്കേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്ന അർഥത്തിലാണ് ജെഎൻ.1നെ വിഒഐ ആയി നിശ്ചയിച്ചത്.
കേരളത്തിൽ 3 കോവിഡ് മരണം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരായ 3 പേർ ഇന്നലെ മരിച്ചു. ഇവർക്ക് പുതിയ വകഭേദമായ ജെഎൻ.1 ബാധിച്ചിരുന്നോയെന്നു പരിശോധിക്കും. സംസ്ഥാനത്ത് ഇതുവരെ 79 വയസ്സുകാരിക്കു മാത്രമേ ജെഎൻ.1 ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളൂ. അവർ കോവിഡ് മുക്തയായി. ഇന്നലെ 292 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പരിശോധനയ്ക്കെത്തിയ കോവിഡ് പോസിറ്റീവ് സാംപിളുകളിൽ 21 എണ്ണത്തിൽ ജെഎൻ.1 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 19 എണ്ണവും ഗോവയിൽ നിന്നയച്ചവയാണ്. ഇന്ത്യയിൽ പുതുതായി 614 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മേയ് 21നു ശേഷം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്.