ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ എതിർക്കാൻ സഹോദരി;ഷർമിള കോൺഗ്രസ് തലപ്പത്തേക്ക്
Mail This Article
ന്യൂഡൽഹി ∙ ആന്ധ്രപ്രദേശിൽ വൈ.എസ്.ഷർമിളയെ മുന്നിൽ നിർത്താൻ കോൺഗ്രസ് നീക്കം. ഇന്നോ നാളെയോ ഡൽഹിയിലെത്തുന്ന ഷർമിള ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഷർമിളയെ നേതൃത്വത്തിൽ കൊണ്ടുവരുന്നത് ഗുണം ചെയ്യുമോയെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് നേട്ടമാകുമെന്ന് 90% ആന്ധ്ര നേതാക്കളും മറുപടി നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന നേതാക്കളുമായി നേതൃത്വം നടത്തുന്ന അവലോകന യോഗത്തിനിടെയാണ് രാഹുൽ ഇക്കാര്യം ചോദിച്ചത്.
വോട്ടുവിഹിതം 2% മാത്രമായി ചുരുങ്ങിയ ആന്ധ്രയിൽ നേതൃത്വം അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതേസമയം, പാർട്ടിയെ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. ആന്ധ്ര മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ഇപ്പോഴത്തെ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ഷർമിളയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഇതിനു സഹായിക്കുമെന്നും കരുതുന്നു.
തെലങ്കാനയിൽ കോൺഗ്രസിൽ ലയിക്കാൻ ശർമിള ശ്രമിച്ചിരുന്നെങ്കിലും ആന്ധ്രയിൽ കേന്ദ്രീകരിക്കാനായിരുന്നു തെലങ്കാന ഘടകം മുന്നോട്ടുവച്ച നിർദേശം. ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപനം പോലും ഉപേക്ഷിച്ച് കോൺഗ്രസിന് പൂർണ പിന്തുണ നൽകുകയാണ് ഷർമിള ചെയ്തത്. ജഗനുമായി അസ്വാരസ്യമുണ്ടെങ്കിലും നേരിട്ടുള്ള പോരിന് ഷർമിള താൽപര്യപ്പെട്ടിരുന്നില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പു വിശ്വസിച്ച് പരീക്ഷണത്തിന് അവർ ഇറങ്ങുമോയെന്നതാണ് ചോദ്യം.