ലഡാക്കിലെ സൈനികബലം കുറയ്ക്കില്ല: കരസേനാ മേധാവി
Mail This Article
ന്യൂഡൽഹി ∙ ചൈനീസ് സൈന്യവുമായി ഉരസൽ നടന്നതിനുമുൻപുള്ള നിലയിലേക്ക് ലഡാക്ക് അതിർത്തിയിലെ സൈനികബലം കുറച്ചുകൊണ്ടുവരാൻ തൽക്കാലം കഴിയില്ലെന്നു കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വ്യക്തമാക്കി. ഇരുസൈന്യവും 2020നു മുൻപ് നിലയുറപ്പിച്ചിരുന്ന പ്രദേശത്തേക്കു പിൻമാറിയശേഷമേ ഇക്കാര്യം ചിന്തിക്കാനാവൂ. നയതന്ത്രതലത്തിലും സൈനികതലത്തിലും അതിനുള്ള ചർച്ചകൾ തുടരുകയാണെന്നു കരസേനാ ദിനത്തിന് (ജനുവരി 15) മുൻപായി നടത്തിയ വാർത്താസമ്മേളനത്തിൽ കരസേനാ മേധാവി പറഞ്ഞു. ഈ വർഷത്തെ സേനാദിന പരേഡ് ലഖ്നൗവിൽ ആണ്.
വിമതരുമായുള്ള ഏറ്റുമുട്ടലുകൾക്കിടെ 2 മാസത്തിനിടെ 416 മ്യാൻമർ സൈനികർ ഇന്ത്യൻ അതിർത്തി കടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ മണിപ്പുരിൽ മാത്രമാണ് മ്യാൻമറുമായി അതിർത്തി വേലിയുള്ളത്. ഇത് മറ്റു പ്രദേശങ്ങളിലേക്കു നീട്ടണം. മണിപ്പുരിലെ പ്രശ്നമൊഴിച്ചാൽ വടക്കുകിഴക്കൻ മേഖല പൊതുവേ ശാന്തമാണ്. സ്ഥിരം കമ്മിഷൻ ലഭിച്ച വനിതകളിൽ 120 പേർ കേണൽ റാങ്കിലെത്തി. രണ്ട് ബാച്ച് അഗ്നിവീർ സൈനികരും ഉണ്ട്. അഗ്നിപഥ് സമ്പ്രദായം വേണ്ടത്ര ചർച്ചനടത്താതെ നടപ്പാക്കിയതാണെന്ന മുൻ ജനറൽ എം.എം. നരവനെയുടെ പരാമർശത്തെപ്പറ്റി താൻ പ്രതികരിക്കുന്നതു ശരിയല്ലെന്നു ജനറൽ പാണ്ഡെ പറഞ്ഞു.