ഒരു വർഷം, ബിജെപിക്കെതിരെ എഎപിയുടെ രണ്ടാമത്തെ ‘മേയർ വിജയം’; അവിശ്വാസം വന്നാൽ പരാജയപ്പെട്ടേക്കും

Mail This Article
ന്യൂഡൽഹി ∙ ഒരു വർഷത്തിനിടെ രണ്ടാമത്തെ ‘മേയർ വിജയ’മാണ് ആം ആദ്മി പാർട്ടി സുപ്രീം കോടതിയിലൂടെ ബിജെപിക്കെതിരെ നേടുന്നത്. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മേയർ തിരഞ്ഞെടുപ്പിൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശമില്ലെന്ന വിധിയുണ്ടായതു കഴിഞ്ഞ ഫെബ്രുവരിയിലാണ്. അങ്ങനെ ആം ആദ്മിയുടെ ഷെല്ലി ഒബ്റോയ്ക്ക് വിജയവഴിയൊരുങ്ങി; ലഫ്റ്റനന്റ് ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളും വോട്ടു ചെയ്താൽ ബിജെപി സ്ഥാനാർഥി ജയിക്കുമായിരുന്നു.
ചണ്ഡിഗഡിൽ വോട്ടെടുപ്പിനുശേഷം ബിജെപി പിടിച്ചുവാങ്ങിയ വിജയമാണ് കോടതി ആം ആദ്മിക്കു തിരികെ നൽകിയത്. കേസിൽ സുപ്രീം കോടതി ഇടപെടാൻ തുടങ്ങിയശേഷമാണ് ആം ആദ്മിയുടെ 3 കൗൺസിലർമാരെ ബിജെപി കൊണ്ടുപോയത്. അതിനാൽ, ഇപ്പോൾ ആം ആദ്മിയുടേതാണ് മേയറെങ്കിലും കോർപറേഷനിൽ ഭൂരിപക്ഷം ബിജെപിക്കാണ്. മേയർക്കെതിരെ അവിശ്വാസപ്രമേയം വന്നാൽ പാസാകുമെന്നതാണ് നിലവിലെ സ്ഥിതി.
∙മേയർ തിരഞ്ഞെടുപ്പു നടക്കുമ്പോൾ കോർപറേഷനിലെ വോട്ടർ നില ഇങ്ങനെ:
ബിജെപി കൗൺസിലർമാർ – 14,
ആം ആദ്മി പാർട്ടി–13,
കോൺഗ്രസ് – 7,
ശിരോമണി അകാലി ദൾ – 1,
ചണ്ഡിഗഡ് എംപി (ബിജെപി) – 1
മൊത്തം 36 വോട്ടർമാർ. (അകാലി ദൾ ബിജെപിക്കൊപ്പമാണ്.)
∙ഇപ്പോൾ വോട്ട് ബലം:
ബിജെപിയും അകാലി ദളും ആം ആദ്മിയിൽനിന്നു പോയ 3 പേരും ചേർന്ന് – 19,
ആം ആദ്മിയും കോൺഗ്രസും – 17.
ഡപ്യൂട്ടി മേയറും കേസിൽ
ബിജെപിയുടെ മനോജ് സൊൻകർ മേയറായതിനു പിന്നാലെ സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ നടത്തി. ഇവ ആം ആദ്മിയും കോൺഗ്രസും ബഹിഷ്കരിച്ചു, ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ഈ തിരഞ്ഞെടുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജി പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ പദവികളിലേക്കു വീണ്ടും തിരഞ്ഞെടുപ്പു നടന്നാൽ ബിജെപിക്കു മേൽക്കൈ എന്നതാണ് സ്ഥിതി.
വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നാണ് ആം ആദ്മിയുടെ മേയർ സ്ഥാനാർഥിയായിരുന്ന കുൽദീപ് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടത്. അതാണ് കോടതി അനുവദിക്കുന്നതെങ്കിൽ ബിജെപി സ്ഥാനാർഥി ജയിക്കുന്ന സ്ഥിതിയാകുമായിരുന്നു. അസാധുവാക്കപ്പെട്ട വോട്ടുകൾകൂടി എണ്ണിയാൽ മതിയെന്നാണ് ഇന്നലെ കുൽദീപിനുവേണ്ടി അഭിഭാഷകൻ ആവശ്യപ്പെട്ടത്. അതും വേണ്ടെന്നു കോടതി തീരുമാനിച്ചു, കുൽദീപിനെ വിജയിയായി പ്രഖ്യാപിച്ചു.
ഇന്ത്യ മുന്നണി, ബിജെപിക്കെതിരെയുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നും അവരുടെ കണക്കും രസതന്ത്രവും ശരിയാവുന്നില്ലെന്നു വ്യക്തമായെന്നുമാണ് നേരത്തെ മനോജ് സൊൻകറെ അഭിനന്ദിച്ച് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞത്. ഇപ്പോൾ, സുപ്രീം കോടതിയിലൂടെ ഫലം മാറിയപ്പോൾ ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ബിജെപിയെ പരാജയപ്പെടുത്തിയിരിക്കുന്നു. ഐക്യവും തന്ത്രവും ആസൂത്രണവും കഠിനാധ്വാനവുമുണ്ടെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താമെന്നു വ്യക്തമായെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത്.