ADVERTISEMENT

ന്യൂഡൽഹി ∙ യുക്രെയ്നിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തോടൊപ്പം ഇന്ത്യക്കാരുമുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നു മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കൂലിപ്പട്ടാളമായ വാഗ്നർ സേനയ്ക്കൊപ്പമാണ് ഇവരെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല.

റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്കു ജോലിക്കു പോയവരെയാണ് യുക്രെയ്നിലെ ഡോണെറ്റ്സ്കിൽ യുദ്ധമുഖത്തു ഡ്യൂട്ടിക്കു നിയോഗിച്ചത്. അവിടെനിന്നു രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയവരിലൊരാളുടെ കുടുംബാംഗങ്ങൾ അസദുദ്ദീൻ ഉവൈസി എംപിയെ ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. യുപി, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ളവരാണ് യുട്യൂബ് ചാനലിലെ വിവരം കണ്ട് ഫസൽഖാൻ എന്ന ഏജന്റ് വഴി നവംബറിൽ റഷ്യയിലെത്തിയത്.

മോസ്കോയ്ക്കു സമീപം ടെന്റിൽ താമസിപ്പിച്ച് 2 മാസം ആയുധപരിശീലനം നൽകുകയും തുടർന്ന് ഡോണെറ്റ്സ്കിലേക്കു തള്ളിവിടുകയുമായിരുന്നുവെന്നാണു വിവരം. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി സൈന്യത്തിന്റെ സാമഗ്രികൾ ചുമക്കാനേൽപിച്ചു. പലവട്ടം വെടിവയ്പ് നേരിട്ടു. കൂട്ടത്തിലുണ്ടായിരുന്ന റഷ്യക്കാരൻ വെടിയേറ്റുവീഴുന്നത് കണ്ടെന്നും യുവാക്കൾ പറഞ്ഞു. പാസ്പോർട്ട് ഇല്ലാത്തതിനാൽ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽനിന്നു സഹായം ലഭിച്ചില്ലെന്നും അവർ പരാതിപ്പെട്ടു.

സംഘർഷ മേഖലകളിൽ ജോലിക്കു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് ഓർമിപ്പിച്ചു. ഇസ്രയേലിൽ ജോലിക്കു യുപിയിലെ നഗരങ്ങളിൽ യുവാക്കൾ തടിച്ചുകൂടിയത് ജനുവരിയിൽ ചർച്ചയായിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കു തെളിവാണിതെന്നു കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി.

English Summary:

MEA confirms report of Indians working for Russian army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com