ബംഗാളിൽനിന്ന് ‘സുഖമില്ലാതെ’ ഡൽഹിക്കു മടങ്ങി; കൂടിക്കാഴ്ചക്ക് എത്തിയില്ല, പകരം രാഷ്ട്രപതിക്കു രാജിക്കത്ത്
Mail This Article
ന്യൂഡൽഹി ∙ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസമാണു തിരഞ്ഞെടുപ്പു കമ്മിഷനിലെ പൊട്ടിത്തെറിക്കും കമ്മിഷണർ അരുൺ ഗോയലിന്റെ രാജിയിലേക്കും നയിച്ചതെന്നു വിവരം. ബംഗാളിലെ തയാറെടുപ്പുകൾ വിവരിക്കുന്നതിന് ഈമാസം 5 ന് കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ പങ്കെടുത്തിരുന്നില്ല. സുഖമില്ലാത്തതിനാൽ ഡൽഹിക്കു മടങ്ങിയെന്നായിരുന്നു വിശദീകരണം. എന്നാൽ ഗോയലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും അഭിപ്രായഭിന്നത കാരണമാണു വിട്ടുനിന്നതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
Read also: ഗോയലിന്റെ രാജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായി ഉടക്കി
7 ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ കമ്മിഷണർ പങ്കെടുത്തെങ്കിലും തൊട്ടടുത്തദിവസം ആഭ്യന്തര സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയില്ല. പകരം രാഷ്ട്രപതിക്കു രാജിക്കത്ത് അയച്ചു.
ഗോയലിന്റെ നിയമനത്തിന്റെ കാര്യത്തിലെന്ന പോലെ തന്നെ രാജിക്കും രാഷ്ട്രപതി വളരെ വേഗം അനുമതി നൽകി. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ഇതോടെയാണു 2 ഒഴിവു വന്നത്.
കേന്ദ്ര നിയമമന്ത്രിയും ആഭ്യന്തര, പഴ്സനേൽ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും അടങ്ങുന്ന സേർച് കമ്മിറ്റി 5 പേരുകൾ വീതം ഉൾപ്പെടുന്ന 2 ചുരുക്കപ്പട്ടിക നിയമന സമിതിക്കു സമർപ്പിക്കും.
പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ്, അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദേശിക്കുന്ന വ്യക്തിയെയാണു മുഖ്യ കമ്മിഷണറോ, കമ്മിഷണറോ ആയി രാഷ്ട്രപതി നിയമിക്കുക. ഈ സമിതി പതിമൂന്നിനോ പതിനാലിനോ ചേരുമെന്നും 15നുള്ളിൽ നിയമനം നടക്കുമെന്നുമാണു നിലവിലെ വിവരം.