ബിജെപിയുടെ യുപി ആദ്യ പട്ടികയിലില്ല; വരുണിനും മേനകയ്ക്കും ടിക്കറ്റ് ലഭിക്കുമോ?
Mail This Article
ന്യൂഡൽഹി ∙ ‘നിങ്ങളുണ്ടെങ്കിൽ നമ്മളൊന്നിച്ച്, നിങ്ങളില്ലെങ്കിൽ ഞങ്ങൾ ഒറ്റയ്ക്ക്’– രാമക്ഷേത്ര പ്രക്ഷോഭം തുടങ്ങിയ കാലത്ത് സംഘപരിവാറിന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഇത്. ബിജെപിയുടെ പിലിബിത് എംപി വരുൺ ഗാന്ധിയുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെയാണ്.
Read Also: ഇലക്ടറൽ ബോണ്ട് ആര് ആർക്ക് നൽകി? കണ്ടെത്താനായേക്കില്ല
ബിജെപി ഇനി സ്ഥാനാർഥിയാക്കാനിടയില്ലെന്നു കണ്ട് മണ്ഡലത്തിൽ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവർത്തിക്കുകയാണ് വരുൺ. സീറ്റ് നിഷേധിച്ചാൽ വരുൺ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത പാർട്ടി തള്ളിക്കളയുന്നില്ല. ‘ഇന്ത്യ’ മുന്നണി പിന്തുണയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
കോൺഗ്രസിൽ ഗാന്ധികുടുംബത്തിന്റെ ആധിപത്യത്തെ ശക്തമായി എതിർക്കുന്ന ബിജെപിക്ക് എതിർപ്പില്ലാത്ത ഗാന്ധിമാരാണ് വരുണും അമ്മ മേനകയും. യുപിയിലെ ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വരുണിന്റെയും സുൽത്താൻപുർ എംപി മേനകയുടെയും പേരുണ്ടായിരുന്നില്ല. അടുത്ത പട്ടികകളിൽ ആ പേരുകളുണ്ടാകുമോ എന്നു ചോദിച്ചാൽ ബിജെപി നേതാക്കൾക്കു മറുപടിയുമില്ല. തുടർച്ചയായ 9–ാം തവണ മേനകയ്ക്കു ടിക്കറ്റ് നൽകുമോ എന്നതു പാർട്ടിക്കകത്തു ചർച്ചയാണ്.
കഴിഞ്ഞ 5 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ബിജെപിക്കോ അനുകൂലമായി വരുൺ പാർലമെന്റിലോ പുറത്തോ ഒന്നും പറഞ്ഞിട്ടില്ല. കർഷകസമരകാലം മുതൽ പ്രതികൂലമായി പറഞ്ഞ് ബിജെപിക്കു തലവേദനയുണ്ടാക്കിയിട്ടുമുണ്ട്. നിർണായക വോട്ടെടുപ്പുകളിൽ പങ്കെടുത്തതൊഴിച്ചാൽ മിക്കവാറും സഭയിൽ എത്തിയിരുന്നുമില്ല. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷത്തിന്റെ കയ്യടി നേടി. തൊഴിലില്ലായ്മ മുതൽ വിലക്കയറ്റം വരെ രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങളൊക്കെ സ്വന്തം നിലയ്ക്കു കത്തെഴുതിയും സമൂഹമാധ്യമ പോസ്റ്റാക്കിയും ബിജെപിയെ വരുൺ കഷ്ടത്തിലാക്കുന്നുമുണ്ട്.
2009ൽ പിലിബിത്തിലും 2014ൽ സുൽത്താൻപുരിലും വൻജയം നേടിയ വരുൺ 2019ൽ വീണ്ടും പിലിബിത്തിലെത്തി സമാജ്‌വാദി പാർട്ടിയുടെ ഹേംരാജ് വർമയെ 3 ലക്ഷത്തിലേറെ വോട്ടിനാണു തോൽപിച്ചത്. സ്വതന്ത്രനായി മത്സരിക്കുമോ എന്ന വാട്സാപ് സന്ദേശത്തിന് ‘ഹാപ്പി ഫെയ്സ്’ സ്മൈലിയാണ് വരുണിന്റെ മറുപടി. ആ സ്മൈലി പിലിബിത്തിൽ ബിജെപിയുടെ ചിരി കെടുത്തുമോ എന്നു കണ്ടറിയണം. അയൽമണ്ഡലമായ സുൽത്താൻപുരിലും അതിന്റെ പ്രതിഫലനമുണ്ടാകും.