മോദിയുടേത് മാച്ച് ഫിക്സിങ്; ബിജെപി വിജയിച്ചാൽ ഭരണഘടന മാറ്റുമെന്നും അവകാശങ്ങൾ ഇല്ലാതാകുമെന്നും രാഹുൽ

Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതാനും കോടീശ്വരൻമാരെ കൂട്ടുപിടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മാച്ച് ഫിക്സിങ്’ നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപി വിജയിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റുമെന്നും ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാകുമെന്നും ഡൽഹിയിൽ ഇന്ത്യാസഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ പറഞ്ഞു. ‘രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. മത്സരം ആരംഭിക്കുന്നതിനു തൊട്ടു മുൻപു ഞങ്ങളുടെ 2 കളിക്കാർ അറസ്റ്റിലായി. ഈ തിരഞ്ഞെടുപ്പിൽ മാച്ച് ഫിക്സിങ്ങിനാണു മോദി ശ്രമിക്കുന്നത്. 400 സീറ്റുകൾ ലഭിക്കുമെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാൽ ഇവിഎം ദുരുപയോഗം ചെയ്യാതെയോ പ്രതിപക്ഷ നേതാക്കളെ സമ്മർദത്തിലാക്കാതെയോ മാധ്യമങ്ങളെ വിലയ്ക്കു വാങ്ങാതെയോ അവർക്കു 180ൽ അധികം സീറ്റു നേടാനാകില്ല’– രാഹുൽ ഗാന്ധി പറഞ്ഞു.
ആദ്യ പൊതുസമ്മേളനം
ഇന്ത്യാസഖ്യത്തിന്റെ പല യോഗങ്ങളും പട്ന, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നടന്നെങ്കിലും ആദ്യ പൊതുസമ്മേളനത്തിനാണു ചരിത്രപ്രസിദ്ധമായ രാംലീല മൈതാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. ചടങ്ങിൽ പ്രസംഗിച്ചില്ലെങ്കിലും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ സാന്നിധ്യം പ്രവർത്തകർക്ക് ആവേശമായി. ഉച്ചയ്ക്കു 2 മണിയോടെ എത്തിയ സോണിയ മൂന്നരയ്ക്കു സമ്മേളനം പൂർത്തിയായ ശേഷമാണു മടങ്ങിയത്. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ ആംആദ്മി പാർട്ടിയാണ് ഇത്തരമൊരു സമ്മേളനത്തിനുള്ള നിർദേശം മുന്നോട്ടുവച്ചത്. കോൺഗ്രസും എഎപിയും ചേർന്നു സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടത്തി. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നേതാക്കളെ ബന്ധപ്പെടുകയും എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു.