ADVERTISEMENT

ഭഗീരഥി വിഹാറിൽ ആൾക്കൂട്ടത്തിനു നടുവിലേക്കു വന്നുനിന്ന വാഹനത്തിൽനിന്ന് കനയ്യ കുമാർ ഇറങ്ങി. ബോണറ്റിൽ ചവിട്ടി വണ്ടിയുടെ മുകളിലേക്കു കയറി. വലതുകാൽ ഉയർത്തി ഇരുകൈകളും വിരിച്ചുപിടിച്ച് ബാഹുബലി സ്റ്റൈലിൽ ഒരു പോസ്. ഏറെ നേരത്തെ കാത്തുനിൽപിന്റെ മുഷിപ്പ് മറന്ന ആൾക്കൂട്ടം ആർപ്പുവിളിച്ചു. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ ആക്രമണം നേരിട്ടതിനാൽ സുരക്ഷയൊരുക്കി കനയ്യയ്ക്കൊപ്പം യുവാക്കളുടെ സംഘമുണ്ട്. 

‘നോർത്ത് ഈസ്റ്റ് ഡൽഹിയുടെ വിധി ഞാൻ മാറ്റിയെഴുതും’ – ഈ ഉറപ്പു നൽകിയാണ് കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിന്റെ പ്രചാരണം. കൂടെ നിൽക്കാനാകട്ടെ പ്രതിപക്ഷത്തെ എല്ലാ കക്ഷികളും. ന്യൂ ഉസ്മാൻപൂരിൽ പ്രചാരണച്ചുമതല ആം ആദ്മി പാർട്ടിക്കെങ്കിൽ, കരാവൽ നഗറിൽ യോഗം സംഘടിപ്പിച്ചത് സിപിഎമ്മാണ്, ഈസ്റ്റ് ബാബർപൂരിൽ കോൺഗ്രസും. 

കരാവൽ നഗറിൽ യോഗത്തിലേക്കു സന്ധ്യ കഴിഞ്ഞാണ് കനയ്യ വന്നത്. വന്നപ്പോഴെ, ഏതാനും വർഷം മുൻപത്തെ വിദ്യാർഥി നേതാവിന്റെ അതേ ‘ആസാദി’ ആവേശത്തോടെ  ജനത്തെ ആവേശം കൊള്ളിച്ചു. ഭജൻപുരയിൽ പ്രചാരണത്തിന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമുണ്ടായിരുന്നു. ‘ഇദ്ദേഹമാണ് നിങ്ങളുടെ സ്ഥാനാർഥി. ഇവിടെ നിങ്ങൾക്ക് ചൂൽ ചിഹ്നമില്ല. കൈപ്പത്തി അടയാളത്തിന് വോട്ട് ചെയ്യണം’– കനയ്യയെ ചൂണ്ടി കേജ്‌‌രിവാൾ പറഞ്ഞു.

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് കനയ്യ പ്രചാരണത്തിന് പണം കണ്ടെത്തുന്നത്. 100 രൂപ മുതൽ നൽകുന്നവരുണ്ട്. അധ്യാപകരും വിദ്യാർഥികളും കർഷകരും തൊഴിലാളികളും കനയ്യയ്ക്ക് പണം നൽകുന്നു.  92,50,000 രൂപ സമാഹരിക്കാനാണു ലക്ഷ്യമിട്ടത്. ചൊവ്വാഴ്ച രാത്രിയിൽ തന്നെ 48,98,451 രൂപ അക്കൗണ്ടിലെത്തി.

മനോജ് തിവാരി 2014 ൽ കോൺഗ്രസിന്റെ കയ്യിൽ നിന്നു പിടിച്ചെടുത്ത മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. 2019 ൽ തിവാരി വിജയം ആവർത്തിച്ചു; ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ 3.66 ലക്ഷം വോട്ടിനു പരാജയപ്പെടുത്തി. 

കിഴക്കൻ യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നു കുടിയേറിയ വോട്ടർമാർ ഏറെയുള്ള മണ്ഡലത്തിലെ രണ്ടു പ്രധാന സ്ഥാനാർഥികളും ബിഹാറിൽനിന്നാണ്– കനയ്യ ബെഗുസരായിയിൽ നിന്ന്, മനോജ് തിവാരി കൈമൂറിൽ നിന്ന്. ബിജെപി ഡൽഹിയിൽ ഇത്തവണ സീറ്റ് നൽകിയ ഏക സിറ്റിങ് എംപിയാണ് മനോജ് . 4 വർഷം മുൻപു നടന്ന ഡൽഹി കലാപത്തിന്റെ വേദന ഇനിയും മാറിയിട്ടില്ലാത്ത മണ്ഡലത്തിലെ മുസ്‌ലിം വോട്ടുകൾ ഇന്ത്യാസഖ്യം പ്രതീക്ഷിക്കുന്നു. 

കനയ്യയ്ക്കു വേണ്ടി രാഹുൽ ഇന്ന് പ്രചാരണത്തിന്

ന്യൂഡൽഹി ∙ കനയ്യ കുമാറിനു വേണ്ടി രാഹുൽ ഗാന്ധി ഇന്നു പ്രചാരണം നടത്തും. 25നു തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമാണിന്ന്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ കോൺഗ്രസ് സംഘം കനയ്യയ്ക്കു വേണ്ടി ഇന്നലെ പ്രചാരണം നടത്തി. 

English Summary:

All opposition parties targeting Kanhaiya Kumar's victory in North East Delhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com