ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി പദത്തിലെ കുടുംബമഹിമയുടെ കാര്യത്തിൽ മൂന്നാം മന്ത്രിസഭയിൽ വ്യത്യസ്തനാകുന്നത് ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി. മന്ത്രി കുടുംബത്തിലെ മൂന്നാം തലമുറയാണു ജയന്ത്. മുത്തച്ഛൻ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്ന സ്വാതന്ത്ര്യസമര സേനാനി ചൗധരി ചരൺ സിങ്. അടിയന്തരാവസ്ഥയ്ക്കു ശേഷം വന്ന മൊറാർജി ദേശായി സർക്കാരിലെ ആഭ്യന്തര മന്ത്രിയും ചരൺ സിങ്ങായിരുന്നു. ശേഷം ഹ്രസ്വകാലം ധനമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയ ശേഷമാണ് ചരൺസിങ് പ്രധാനമന്ത്രിയായത്. അദ്ദേഹത്തിന്റെ മകനും ജയന്തിന്റെ അച്ഛനുമായ ചൗധരി അജിത് സിങ് വി.പി. സിങ്, നരസിംഹറാവു, വാജ്പേയി, മൻമോഹൻ സിങ് സർക്കാരുകളിൽ മന്ത്രിയായി. ജ്യോതിരാദിത്യ സിന്ധ്യയാണു മന്ത്രി പാരമ്പര്യവുമായി വീണ്ടും മന്ത്രിയാകുന്ന മറ്റൊരാൾ. അച്ഛൻ മാധവറാവു സിന്ധ്യ രാജീവ് ഗാന്ധി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയും നരസിംഹ റാവു മന്ത്രിസഭയിൽ മാനവശേഷി, ടൂറിസം, വ്യോമയാന വകുപ്പുകളുടെ ചുമതല വഹിച്ചു.

പീയൂഷ് ഗോയലിന്റെ അച്ഛൻ വേദ് പ്രകാശ് ഗോയൽ വാജ്പേയ് സർക്കാരിൽ തുറമുഖ വകുപ്പു മന്ത്രിയായിരുന്നു. റാവു ഇന്ദർജീത് സിങ്ങിന്റെ അച്ഛൻ മഹാരാജ റാവു ബീരേന്ദർ സിങ് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായി. അതിനു മുൻപ് കുറെക്കാലം ഹരിയാന മുഖ്യമന്ത്രിയും. എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാനാണ് ഈ നിരയിലെ മറ്റൊരാൾ. പിതാവ് റാം വിലാസ് പസ്വാൻ വി.പി. സിങ്ങിന്റെ കാലം മുതൽ ഒട്ടേറെ പ്രധാനമന്ത്രിമാർക്കു കീഴിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. എച്ച്.ഡി. കുമാരസ്വാമിയുടെ അച്ഛൻ ദേവെ ഗൗഡ ആഭ്യന്തര മന്ത്രി വകുപ്പു കൈകാര്യം ചെയ്ത പ്രധാനമന്ത്രിയായിരുന്നു. റാം നാഥ് ഠാക്കൂറിന്റെ അച്ഛൻ കർപ്പൂരി ഠാക്കൂറും മുഖ്യമന്ത്രിപദം അലങ്കരിച്ചു. യുപി മന്ത്രിയായിരുന്ന ബേനിലാൽ വർമയുടെ മകനാണ് ബി.എൽ. വർമ.

English Summary:

Jayant Chaudhary the third generation of the ministerial family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com