ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സഹകരണ മന്ത്രാലയം. ജില്ലാ സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് (ഡിസിസിബി) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു കർമപദ്ധതി തയാറാക്കാൻ നബാർഡിനെയാണു കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയിലെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്തെ സഹകരണ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതിക്കു കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണു ജില്ലാ സഹകരണ ബാങ്കുകളും രൂപീകരിക്കാനുള്ള നീക്കം. 

കേന്ദ്രസർക്കാരിന്റെ സഹകരണ നയവും വൈകാതെ അവതരിപ്പിക്കും. ഇതിനു വേണ്ടി 48 അംഗ ദേശീയതല സമിതി രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ 17 യോഗങ്ങളും 4 മേഖലാതല ശിൽപശാലകളും ചേർന്നു. ഇവിടെ നിന്നു ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള കരട് വൈകാതെ പ്രസിദ്ധീകരിക്കും. 

ജില്ലാ ബാങ്കിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യം: മന്ത്രി വാസവൻ 

ജില്ലാ സഹകരണ ബാങ്കുകൾ തിരികെ കൊണ്ടുവരണമെന്ന നിർദേശം കേന്ദ്ര സഹകരണ മന്ത്രാലയത്തിൽനിന്നോ നബാർഡിൽനിന്നോ ലഭിച്ചിട്ടില്ലെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്കായി രൂപീകരിച്ചത് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ്. റിസർവ് ബാങ്ക് മുന്നോട്ടുവച്ച 19 മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്. സുപ്രീം കോടതിയും കേരള ബാങ്ക് രൂപീകരണത്തിന് അനുമതി നൽകി. കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തികവർഷം 209 കോടി രൂപ ലാഭത്തിലുമാണ്. കേരള ബാങ്കിനെ മാതൃകയാക്കണമെന്നു റിസർവ് ബാങ്ക് മറ്റു സംസ്ഥാനത്തെ സഹകരണ മേഖലകളോടു നിർദേശിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കാനും കഴിഞ്ഞു. 

രാജ്യത്തു ചില ജില്ലകളിൽ ബാങ്കുകളില്ലാത്ത സാഹചര്യത്തിലാകും എല്ലാ ജില്ലകളിലും ബാങ്ക് എന്നു കേന്ദ്രസർക്കാർ സഹകരണ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ ആ സാഹചര്യമില്ല. കേരളത്തിൽ ഇനി ജില്ലാ സഹകരണബാങ്ക് എന്ന രീതിയിലേക്ക് തിരിച്ചുപോക്കും അസാധ്യമാണ്. കേരള ബാങ്കിന്റെ റീജനൽ ബ്രാഞ്ചുകൾ എല്ലാ ജില്ലയിലും പ്രവർത്തിക്കുന്നു, 823 ശാഖകളുണ്ട്– മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 

English Summary:

Cooperative Bank in all districts : NABARD will prepare action plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com