ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താൻ ആവശ്യമായ ഭരണഘടനാ ഭേദഗതികൾക്കുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുമെന്നതിനാൽ ഇനിയുള്ള പാർലമെന്റ് കാലം കണക്കുകൊണ്ടും വാദപ്രതിവാദം കൊണ്ടും സംഘർഷഭരിതമാകുമെന്നു വ്യക്തം. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിന്റെ സാധ്യത പഠിക്കാൻ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിക്കു മുൻപാകെ രാഷ്ട്രീയ പാർട്ടികൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റം നിലപാടുകളിലും വ്യത്യാസം വരുത്താം.

അതിനിടയിൽ ഭരണഘടനാഭേദഗതിക്കായി കണക്കുകൾ ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടാകും ബിജെപിക്ക്. 62 പാർട്ടികളോടാണ് ഉന്നതാധികാര സമിതി അഭിപ്രായം തേടിയിരുന്നത്. അതിൽ മറുപടി നൽകിയത് 47 പാർട്ടികൾ. 32 പേർ അനുകൂലിച്ചപ്പോൾ, 15 പാർട്ടികൾ എതിർത്തു. ഇപ്പോൾ എൻഡിഎക്കൊപ്പമുള്ള ടിഡിപി ഉന്നതാധികാര സമിതിക്കു മുൻപാകെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. 

എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പോടെ ബിജെപിക്കു കൈകൊടുത്ത ടിഡിപി തൽക്കാലം ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ നിർദേശത്തെ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഉന്നതാധികാര സമിതിക്കു മുൻപാകെ അഭിപ്രായം അറിയിക്കാതിരുന്ന ടിഡിപിയുടെ പിന്തുണയുണ്ടെങ്കിലും എൻഡിഎക്കു ഭരണഘടനാ ഭേദഗതി എളുപ്പമല്ല. ലോക്സഭയിലെ മുഴുവൻ അംഗബലം കണക്കാക്കിയാൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പിക്കാൻ 362 എംപിമാരുടെ പിന്തുണ വേണം. സമിതിക്കു മുൻപാകെ അഭിപ്രായം അറിയിച്ച ഇന്ത്യാസഖ്യം പാർട്ടികളുടെ എംപിമാർ മാത്രം 203 വരുമെന്നതാണ് ലോക്സഭയിലെ സ്ഥിതി.

രാജ്യസഭയിലും ഭരണഘടനാഭേദഗതി ബില്ലുകൾ പാസാക്കിയെടുക്കൽ ബിജെപിക്ക് എളുപ്പമാകില്ല. രാജ്യസഭയിൽ എൻഡിഎക്ക് 115 ആണ് അംഗബലം. നാമനിർദേശം ചെയ്യപ്പെട്ടവരുടെ കൂടി എണ്ണം ചേർത്താലും 121 പേരെ വരൂ. മുഴുവൻ അംഗങ്ങളും വോട്ടെടുപ്പിന് ഹാജരായാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാൻ 164 അംഗങ്ങളുടെ പിന്തുണ വേണം. ഇന്ത്യാസഖ്യത്തിന് 85 അംഗങ്ങളാണുള്ളത്.

ആർഎസ്എസ് ആശയമെന്ന് സിപിഎം

ഒറ്റത്തിരഞ്ഞെടുപ്പു നടത്താനുള്ള നീക്കം പാർലമെന്ററി ജനാധിപത്യത്തെയും രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും ഇല്ലാതാക്കുന്ന നടപടിയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു. ആർഎസ്എസ്–ബിജെപി ആശയമാണ് ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്തുകയെന്നത്. അധികാരം ഒരിടത്തേക്കു കേന്ദ്രീകരിക്കാനും ഒറ്റ നേതാവു നിയന്ത്രിക്കുന്ന സംവിധാനമാക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. സംസ്ഥാന നിയമസഭകൾക്കു ഭരണഘടന ഉറപ്പു നൽകുന്ന 5 വർഷ കാലാവധി വെട്ടിച്ചുരുക്കാൻ ഇതു വഴിയൊരുക്കും– സിപിഎം വ്യക്തമാക്കി.

നിലപാട് കടുപ്പിച്ച് ബിജെഡിയും

ഒറ്റത്തിരഞ്ഞെടുപ്പു കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കം പാടില്ലെന്നു കേന്ദ്ര സർക്കാരിനു മുന്നറിയിപ്പുമായി ബിജു ജനതാദൾ (ബിജെഡി) രംഗത്ത്. കേന്ദ്ര സർക്കാർ നീക്കത്തെ നേരത്തെ പിന്തുണച്ച ബിജെഡി ഇക്കാര്യത്തിൽ പുനരാലോചനയിലേക്കു കടന്നുവെന്ന സൂചനയോടെയാണ് ബിജെഡിയുടെ രാജ്യസഭാ കക്ഷി നേതാവ് സസ്മിത് പത്ര പ്രതികരിച്ചത്. രാജ്യസഭയിൽ നിലവിൽ 7 അംഗങ്ങളുള്ള ബിജെഡിയുടെ പിന്തുണ എൻഡിഎ ആഗ്രഹിക്കുന്നതിനിടെയാണു പ്രതികരണം. ബിജെഡിക്ക് ലോക്സഭയിൽ സീറ്റില്ല.

English Summary:

One nation one election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT