ADVERTISEMENT

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ ‘ഗഗൻയാന്റെ’ ആദ്യഘട്ടം ജനുവരി അവസാനം നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള ഇന്ന് സമാപിക്കും.

ഈ മാസം നടക്കാനിരുന്ന ഗഗൻയാൻ ആദ്യഘട്ട വിക്ഷേപണം സാങ്കേതികകാരണങ്ങളാൽ മാറ്റിവച്ചതാണ്. ഗഗൻയാൻ 1 (ജി1), ഗഗൻയാൻ 2 (ജി2), ഗഗൻയാൻ 3 (ജി3) എന്നീ മൂന്ന് ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ ആദ്യം നടത്തും. ഇതിനായി റോക്കറ്റ് തയാറാക്കിയിട്ടുണ്ട്.

ഗഗൻയാൻ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുമാണ് ഗഗൻയാന്റെ ആദ്യഘട്ടത്തിലുള്ള ഈ 3 ദൗത്യങ്ങൾ നടക്കുക. മനുഷ്യനു പകരം‘വ്യോംമിത്ര’ എന്ന റോബട് യാത്ര പോകും. പരീക്ഷണഘട്ടങ്ങൾ വിജയിച്ചശേഷം 2026 അവസാനത്തോടെ മനുഷ്യയാത്രാ ദൗത്യം നടക്കുമെന്നാണു പ്രതീക്ഷ– സോമനാഥ് അറിയിച്ചു.

ചന്ദ്രയാൻ 4ൽ‌ വമ്പൻ റോവർ

ചന്ദ്രനിൽ നിന്നു കല്ലും മണ്ണുമടങ്ങിയ സാംപിളുകൾ ഭൂമിയിലെത്തിക്കുന്ന ചന്ദ്രയാൻ 4 ദൗത്യത്തിൽ ചന്ദ്രയാൻ 3ൽ ഉപയോഗിച്ച പ്രഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് വലുപ്പമുള്ള റോവറാകും ഉപയോഗിക്കുക. 350 കിലോ ഭാരമുണ്ടാകും ഇതിന്. ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) ആദ്യ മൊഡ്യൂൾ 2028 ൽ സാധ്യമാക്കാനും 2035 ൽ പ്രവർത്തനം തുടങ്ങാനുമാണു ലക്ഷ്യമിടുന്നതെന്നും സോമനാഥ് പറഞ്ഞു.

English Summary:

Gaganyaan Launch Update: First stage set for January takeoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com