ഇന്ത്യ പാക്ക് ഭീകരതയുടെ ഇര: യുഎൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യയുടെ വിമർശനം

Mail This Article
ന്യൂയോർക്ക് ∙ ജയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള സംഘടനകളിലൂടെ പാക്കിസ്ഥാൻ നടപ്പാക്കുന്ന ഭീകരപ്രവർത്തനത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വ്യക്തമാക്കി. ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരെ പോരാട്ടം നയിക്കുന്നു എന്നു മേനിനടിക്കുന്നത് ഏറ്റവും വലിയ വൈരുധ്യമാണ്. ചൈന അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞൻ പി.ഹരീഷ് ആണ് ശക്തമായ വിമർശനം ഉന്നയിച്ചത്.
പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷ്വാഖ് ധർ ചൊവ്വാഴ്ചത്തെ യോഗത്തിൽ കശ്മീരിനെ കുറിച്ച് നടത്തിയ പരാമർശങ്ങൾക്കായിരുന്നു മറുപടി. യുഎൻ പട്ടികയിലുള്ള ഇരുപതിലധികം ഭീകരസംഘടനകളുടെ കേന്ദ്രമാണ് പാക്കിസ്ഥാൻ. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും ചെയ്യുന്നു. എന്ത് ലക്ഷ്യത്തിന്റെ പേരിലായാലും ഭീകരപ്രവർത്തനത്തെ ന്യായീകരിക്കാനാവില്ലെന്നു ഹരീഷ് പറഞ്ഞു. നിരപരാധികളായ മനുഷ്യർക്കെതിരെയുള്ള അക്രമങ്ങളെ രാഷ്ട്രീയത്തിന്റെ പേരിൽ പിന്തുണയ്ക്കരുതെന്നും ഭീകരവാദികളെ നല്ലതെന്നും ചീത്തയെന്നും വേർതിരിക്കാനാവില്ലെന്നും ഇഷ്വാഖ് ധറിനോട് ഹരീഷ് പറഞ്ഞു. ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.