ആയുഷ്മാൻ ഭാരത്: പ്രായപരിധി 60 വയസ്സ് ആക്കണമെന്ന് ശുപാർശ

Mail This Article
ന്യൂഡൽഹി ∙ മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 70 വയസ്സിൽനിന്ന് 60 വയസ്സാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററികാര്യ സ്ഥിരസമിതി ശുപാർശ ചെയ്തു. പ്രീമിയം തുക ഒരു കുടുംബത്തിനു പ്രതിവർഷം 5 ലക്ഷം രൂപ എന്നതു പ്രതിവർഷം 10 ലക്ഷം രൂപയായി പരിഷ്കരിക്കാനും സമിതി ആവശ്യപ്പെട്ടു.
ഗുരുതര രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ പാക്കേജുകൾ, സിടി, എംആർഐ ഉൾപ്പെടെയുള്ള സ്കാനിങുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാക്കണം. ഗുണഭോക്തൃ ആശങ്കകൾ പരിഹരിക്കുന്നതിന് ഹെൽപ‌് ലൈനും പരാതിപരിഹാര സംവിധാനവും വേണം. പദ്ധതിക്കു കീഴിലുള്ള എംപാനൽ ചെയ്ത ആശുപത്രികളുടെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ വൈകൽ ഒഴിവാക്കണമെന്നും സമിതി നിർദേശിച്ചു.