കർഷകത്തൊഴിലാളികൾക്ക് പ്രാധാന്യം നൽകണം: പാർലമെന്ററി സ്ഥിരസമിതി

Mail This Article
ന്യൂഡൽഹി ∙ കർഷകത്തൊഴിലാളികൾക്കു കൂടുതൽ പ്രാധാന്യം നൽകി കൃഷിമേഖലയുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകണമെന്ന് കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതി നിർദേശിച്ചു. ജൈവകാർഷികവിളകൾക്ക് പരമ്പരാഗത വിളകളുടേതിനെക്കാൾ കൂടിയ താങ്ങുവില നിയമപരമായി ഉറപ്പുനൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
കർഷകത്തൊഴിലാളികൾക്കു മിനിമം വേതനം ഉറപ്പാക്കാൻ ദേശീയ കമ്മിഷൻ രൂപീകരിക്കണം. കർഷകത്തൊഴിലാളികളുടെ പ്രാധാന്യം വ്യക്തമാക്കാൻ ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾചർ ആൻഡ് ഫാർമേഴ്സ് വെൽഫെയറിന്റെ പേര് ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾചർ ഫാർമേഴ്സ് ആൻഡ് ഫാം ലേബറേഴ്സ് വെൽഫെയർ എന്നു മാറ്റണമെന്നും നിർദേശിച്ചു.
മൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള വ്യവസ്ഥ പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഉൾപ്പെടുത്തണമെന്നു നിർദേശത്തിലുണ്ട്.
മറ്റു നിർദേശങ്ങൾ
∙ കൃഷിമേഖലയ്ക്കു വകയിരുത്തുന്ന തുകയിൽ 2021–22 മുതൽ ഗണ്യമായ കുറവുണ്ടായി. ഈ കുറവ് അടിയന്തരമായി പരിഹരിക്കണം. എല്ലാ ജില്ലകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കണം.
∙ 2 ഏക്കർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്കു സൗജന്യ വിള ഇൻഷുറൻസ് നിർബന്ധമാക്കണം.
∙ പ്രാദേശിക മേഖലകളിലെ കാർഷികോൽപന്നങ്ങളുടെ പ്രചാരണത്തിനായി ‘കിസാൻ മീൽസ്’ പരിപാടികൾ സംഘടിപ്പിക്കണം.
∙ ഉൽപന്നങ്ങൾക്കു വിപണന വിലയെക്കാൾ കുറഞ്ഞ വിലയാണു ലഭിക്കുന്നതെങ്കിൽ കുറവുവരുന്ന തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകാൻ സംസ്ഥാന സർക്കാരുകളോടു നിർദേശിക്കണം.
∙ വിളവെടുപ്പിനു ശേഷം വൈക്കോൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നശിപ്പിക്കാൻ ഹാപ്പി സീഡർ, ബയോ ഡീകംപ്രസർ എന്നിവ വ്യാപകമാക്കണം. ഇതിനു സബ്സിഡി നൽകണം.