മധ്യപ്രദേശിൽ കുംഭകർണൻ, ഒഡീഷയിൽ വിസിലൂതൽ; ബിജെപി സർക്കാരിനെ ‘ഉണർത്താൻ’ കോൺഗ്രസ്

Mail This Article
ഭോപാൽ / ഭുവനേശ്വർ ∙ അഴിമതിക്കു മുന്നിൽ ഉറങ്ങുന്ന സർക്കാരിനെ വിളിച്ചുണർത്താൻ കുംഭകർണൻ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിളിച്ചുപറയാൻ വിസിലൂതൽ. പ്രതിപക്ഷമായ കോൺഗ്രസ് ആണ് മധ്യപ്രദേശിലും ഒഡീഷയിലും പുതുമയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.
മധ്യപ്രദേശിൽ പ്രതിപക്ഷ നേതാവ് ഉമങ് സിംഗാർ നിയമസഭാ മന്ദിരത്തിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിലാണ് എംഎൽഎ ആയ ദിനേഷ് ജയിൻ കുംഭകർണന്റെ വേഷം കെട്ടി ഉറങ്ങിയത്. മറ്റ് എംഎൽഎമാർ കുംഭകർണനെ ഉണർത്താനായി കുഴലൂതി. ഒന്നിനു പിന്നാലെ ഒന്നായി അഴിമതിക്കേസുകൾ പുറത്തുവരുമ്പോഴും ബിജെപി സർക്കാർ ഉറക്കത്തിലാണെന്ന് ഉമങ് സിംഗർ ആരോപിച്ചു. നഴ്സിങ് കുംഭകോണം, ട്രാൻസ്പോർട്ട് കുംഭകോണം എന്നിവ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുൻപാണ് പ്ലാസ്റ്റിക് പാമ്പുകളുമായി ഇതേ വേദിയിൽ പ്രതിപക്ഷം സമരം നടത്തിയത്. സർക്കാർ ഒഴിവുകൾ നികത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
സ്ത്രീകൾക്കെതിരായ അക്രമം വർധിക്കുന്നത് ഒഡീഷ സർക്കാർ കാണാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗങ്ങളുടെ വിസിലൂതൽ പ്രതിഷേധം നടന്നത്. നിയമസഭയ്ക്കുള്ളിൽ നടന്ന പ്രതിഷേധം ഫലം കാണാതെ വന്നതോടെയാണ് മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ‘മുറവിളി’ നടത്തിയത്. കുറച്ചുദിവസമായി ഈ വിഷയം കോൺഗ്രസ് ഉന്നയിക്കുകയാണ്.