ADVERTISEMENT

മധുര ∙ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കാൻ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല ഐക്യത്തിനുള്ള ആഹ്വാനവുമായി സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസ് തുടങ്ങി. തിരുത്തലുകളിലൂടെ സിപിഎമ്മിന്റെ കരുത്തു വീണ്ടെടുക്കാനും സാംസ്കാരിക, സാമൂഹിക രംഗങ്ങളിലുൾപ്പെടെ ആർഎസ്എസിനെ ആശയപരമായി നേരിടാനുമുള്ള വഴികൾ 5 ദിവസത്തെ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും.

പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത സിപിഎം കോഓർഡിനേറ്റർ പ്രകാശ് കാരാട്ട്, ഇടത് ഐക്യത്തിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷികളെക്കൂടി ഒന്നിച്ചു നിർത്തി ‘പുതിയ ഇന്ത്യ’ സൃഷ്ടിക്കാൻ പരിശ്രമിക്കണമെന്നു വാദിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് ഇടതുപക്ഷ നേതാക്കൾ ഇടത് ഐക്യത്തിന്റെ ആവശ്യം എടുത്തുപറഞ്ഞു. ഇന്ത്യാ മുന്നണി അനുഭവത്തെക്കുറിച്ച് എല്ലാവരും മൗനം പാലിച്ചു.

ബിജെപിയുടേത് ഫാഷിസമാണോ നവഫാഷിസ്റ്റ് സ്വഭാവമാണോ എന്ന് ഇടതുപക്ഷത്തുള്ള തർക്കം ഇന്നലെയും തുടർന്നു. ബിജെപി നവഫാഷിസ്റ്റ് സ്വഭാവമാണു പ്രകടിപ്പിക്കുന്നതെന്നു കാരാട്ട് പറഞ്ഞു. ജനാധിപത്യത്തോടു തന്നെ ഫാഷിസ്റ്റ് പുച്ഛമാണ് സംഘപരിവാറിനെന്നും ആർഎസ്എസിന്റെ രാഷ്ട്രീയ കരമാണ് ബിജെപിയെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ, സാമ്രാജ്യത്വ വിരുദ്ധ ദേശീയതയെ അട്ടിമറിക്കാനാണ് ഫാഷിസം ശ്രമിക്കുന്നതെന്ന് സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ പറഞ്ഞു.

ബിജെപിയുടെ ഭരണത്തെ എന്തു വിളിക്കണമെന്ന തർക്കത്തിൽ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജനും ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യയും കക്ഷിചേർന്നില്ല. ഇടതുപക്ഷ സമരങ്ങളിൽ കാണുന്ന ജനം തിരഞ്ഞെടുപ്പിൽ ഒപ്പമില്ലാത്തതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും പഴഞ്ചൻ സമരരീതികൾ മാറ്റണമെന്നും ദേവരാജൻ പറഞ്ഞു. നക്സലിസത്തെ ഇല്ലാതാക്കാനെന്ന പേരിൽ ഛത്തീസ്ഗഡിൽ നടത്തുന്ന ഏറ്റുമുട്ടലുകൾ, എതിർക്കുന്ന ഏത് ആശത്തിനെതിരെയും ബിജെപി സർക്കാർ ആയുധം പ്രയോഗിക്കുമെന്നതിന്റെ മുന്നറിയിപ്പാണെന്ന് ദീപാങ്കർ ഭട്ടാചാര്യയും മനോജ് ഭട്ടാചാര്യയും പറഞ്ഞു.

മൂന്നു ചോദ്യങ്ങൾ; ഒറ്റ ഉത്തരം

മധുര∙ രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും ഭരിക്കുന്നവരുടെ സ്വഭാവവും മനസ്സിലാക്കാൻ ‘എളുപ്പമുള്ള 3 ചോദ്യങ്ങളുമായി’ സിപിഎം കോഓർഡിനേറ്റർ പ്രകാശ് കാരാട്ട്: ‘ഡോണൾഡ് ട്രംപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്നത് ആര്? ആരാണ് ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും ഉറ്റസുഹൃത്ത്? ആർക്കാണ് ആർഎസ്എസിനോട് പൂർണ വിധേയത്വം?’

എല്ലാറ്റിനും ഒറ്റ ഉത്തരം: നരേന്ദ്ര മോദിയും ബിജെപിയും.

ഉത്തരങ്ങൾ പോലെ എളുപ്പമല്ല ആർഎസ്എസ്–ബിജെപി കൂട്ടുകെട്ടിനെ സമർഥമായി നേരിടാനും ഒറ്റപ്പെടുത്താനുമുള്ള പോരാട്ടമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കാരാട്ട് പറഞ്ഞു. ഹിന്ദുത്വ ശക്തികൾ തിരഞ്ഞെടുപ്പിലൂടെ മാത്രമല്ല രാഷ്ട്രീയ മേധാവിത്വം ഉറപ്പിക്കുന്നത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ സ്വേഛാധിപത്യപരമായ കടന്നാക്രമണമാണു നടക്കുന്നത് – കാരാട്ട് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നതിൽ മുൻനിരയിലാണ് കേരളത്തിലെ എൽ‍ഡിഎഫ് സർക്കാർ. ബദൽ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനാൽ സംസ്ഥാന സർക്കാർ എതിർപ്പും വിവേചനവും നേരിടുകയാണെന്നു കാരാട്ട് പറഞ്ഞു.

ജയ് ഭീം, ലാൽ സലാം, ഇങ്ക്വിലാബ് സിന്ദാബാദ് തുടങ്ങിയവ വെറും വാക്കുകളായി അവശേഷിക്കാതെ മാറ്റത്തിനുള്ള മുറവിളിയായി മാറണമെന്ന് സിപിഐ ജനറൽ െസക്രട്ടറി ഡി.രാജ പറഞ്ഞു. പൊതുമേഖലയിലെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഭക്ഷ്യസുരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയവ ക്ഷേമം എന്നതിനപ്പുറം സാമൂഹിക നീതിക്കും മനുഷ്യാന്തസ്സിനുമുള്ള ഉപകരണങ്ങളായി മാറണം – രാജ പറഞ്ഞു.

തുല്യതയ്ക്കായുള്ള സമരത്തിൽ സിപിഎം വഹിക്കുന്ന പങ്ക് അംഗീകരിക്കാൻ മടിയില്ലെന്നും മറ്റ് ഇടതുപാർട്ടികളും അവർക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്നും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. 

English Summary:

CPM Congress: A Call for Unity Against Hindutva politics

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com