മൂന്ന് പുതിയ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഐഎസ്ആർഒ

Mail This Article
തിരുവനന്തപുരം∙ ഇന്ത്യൻ പ്രതിരോധ സേനകൾക്കു കരുത്തുപകരാൻ പുതിയ 3 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഐഎസ്ആർഒ തയാറെടുക്കുന്നു. അഡ്വാൻസ്ഡ് ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹമായ എമിസാറ്റ് ഈ മാസം വിക്ഷേപിക്കും. രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടക്കും.
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു വേണ്ടിയാണ് എമിസാറ്റ് നിർമിച്ചത്. 420 കിലോ ഭാരമുള്ള ഉപഗ്രഹം 763 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിക്കുക. മറ്റു രാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള സിഗ്നലുകൾ പോലും പിടിച്ചെടുക്കാൻ ശേഷിയുളള ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യൻ എയർഫോഴ്സിന്റെ നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ശക്തി വർധിപ്പിക്കും.
പ്രതിരോധത്തിന് 15 ഉപഗ്രഹങ്ങൾ
വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ മിറാഷും മിഗും ലക്ഷ്യം തെറ്റാതെ ശത്രുപാളയങ്ങൾ തകർക്കുമ്പോൾ അവയ്ക്കു കൃത്യമായ വിവരങ്ങൾ നൽകുന്നത് ഇന്ത്യയുടെ ആകാശ നേത്രങ്ങളാണ്. ബഹിരാകാശത്ത് പ്രതിരോധ സേനകൾക്കു കരുത്തുപകരാൻ 15 ഉപഗ്രഹങ്ങളാണ് ഇന്ത്യക്കുള്ളത്. നിലവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉപഗ്രങ്ങളുടെ മൂന്നിലൊന്ന്. ഈ നിരയിലേക്കാണ് മൂന്നെണ്ണം കൂടി ചേരുന്നത്.
രാജ്യത്തിന്റെ അതിർത്തികളിൽ, കരയായാലും കടലായാലും കണ്ണിമ ചിമ്മാതെ നിരീക്ഷണം നടത്താൻ പ്രതിരോധ സേനകളെ സഹായിക്കുന്നതും അയൽ രാജ്യങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങൾ ഉൾപ്പെടെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നതും ഈ ഉപഗ്രഹങ്ങളാണ്. 200 മുതൽ 1200 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണപഥങ്ങളിലാണ് ഈ ഉപഗ്രഹങ്ങൾ.
രണ്ടുവർഷം മുൻപ് വിക്ഷേപിച്ച കരുത്തുറ്റ ഉപഗ്രഹമായ കാർട്ടോസാറ്റ് 2ഇ ഇന്ത്യയുടെ ആകാശക്കണ്ണ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരാൾ മണ്ണിൽ നീണ്ടുനിവർന്നു കിടക്കുന്ന ദൃശ്യം പോലും വ്യക്തമായി പകർത്താൻ കാർട്ടോസാറ്റിനു ശേഷിയുണ്ട്. കാർട്ടോസാറ്റ് 1, റിസാറ്റ് 1, റിസാറ്റ് 2, നാവികസേന ഉപയോഗിക്കുന്ന ജിസാറ്റ് 7, ഹൈസിസ് (ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് സാറ്റലൈറ്റ്), ഐആർഎൻഎസ്എസ് എന്നിവയും ബഹിരാകാശത്തെ ഇന്ത്യൻ കരുത്താണ്. രണ്ടു മാസം മുൻപ് മൈക്രോസാറ്റ് ആർ എന്ന ഉപഗ്രഹവും ഇന്ത്യ വിക്ഷേപിച്ചിരുന്നു. ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ തകർക്കാനുള്ള സാങ്കേതികവിദ്യയും ഇന്ത്യക്കുണ്ട്.