കോൺഗ്രസ് നേതാക്കളോട് പി.ജെ. ജോസഫിന്റെ ആവശ്യം: പാർട്ടി വിട്ടാൽ സംരക്ഷിക്കണം

Mail This Article
തിരുവനന്തപുരം∙ ലോക്സഭാ സീറ്റ് പ്രശ്‌നം പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ പാർട്ടി വിടേണ്ടിവന്നാൽ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണമെന്നു കോൺഗ്രസ് നേതൃത്വത്തോടു പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പാർട്ടി വിട്ടാലും യുഡിഎഫിൽ തന്നെ തുടരും. പക്ഷേ അതിനുള്ള ക്രമീകരണം കോൺഗ്രസ് ഏർപ്പെടുത്തുമോ എന്നതായിരുന്നു ജോസഫിന്റ ചോദ്യം. യുഡിഎഫിൽ തന്നെ പ്രത്യേക കക്ഷി എന്നതാണു ജോസഫ് ഉന്നമിടുന്നത് എന്നു കണ്ട കോൺഗ്രസ് അതിനു മറുപടി നൽകാതെ ഘടകകക്ഷികളുമായിക്കൂടി ചർച്ച ചെയ്തു പ്രശ്നപരിഹാരത്തിനു സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്നു വ്യക്തമാക്കി.
ഇടുക്കി, കോട്ടയം സീറ്റുകൾ കോൺഗ്രസും കേരള കോൺഗ്രസും വച്ചുമാറി കോട്ടയത്ത് ഉമ്മൻചാണ്ടിയും ഇടുക്കിയിൽ താനും മത്സരിക്കാമെന്ന നിർദേശമാണു ജോസഫ് ആദ്യം മുന്നോട്ടു വച്ചത്. കോട്ടയത്തു മാണി പ്രഖ്യാപിച്ച തോമസ് ചാഴികാടനെ പിൻവലിപ്പിക്കണമെന്ന ഈ ആവശ്യത്തിന്റെ അപകടം മണത്ത കോൺഗ്രസ് ആ സാധ്യത എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടി. മത്സരിക്കേണ്ടെന്ന നിലപാടിലാണു താനെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ തന്നെ അതെടുക്കേണ്ടതു ഹൈക്കമാൻഡാണെന്നും ഉമ്മൻചാണ്ടിയും പറഞ്ഞു.
യുഡിഎഫിൽ പ്രത്യേക കക്ഷിയാകണമെങ്കിൽ കോൺഗ്രസും മാണിയടക്കമുള്ള ഘടകകക്ഷികളും അക്കാര്യത്തിൽ സമ്മതം മൂളണം. കേരള കോൺഗ്രസ് (എം) നോമിനികളായിട്ടാണു ജോസഫും മോൻസ് ജോസഫും എംഎൽഎമാരായത് എന്നതിനാൽ പിളർന്നു മാറിയാൽ കൂറുമാറ്റത്തിന്റെ വാളെടുക്കാൻ മാണിക്കു കഴിയും. അതിൽനിന്നു മാണിയെ പിന്തിരിപ്പിച്ചു കോൺഗ്രസ് മുൻകൂട്ടി ധാരണയുണ്ടാക്കണമെന്ന ആവശ്യമാണു ജോസഫിന്റെ വാക്കുകളിലടങ്ങിയത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പിളർപ്പിലേക്കു പോകരുതെന്നും തൽക്കാലം ഒരുമിച്ചു നീങ്ങണമെന്നുമുള്ള അഭ്യർഥനയായിരുന്നു കോൺഗ്രസിന്റേത്. മാണിയടക്കമുള്ളവരുമായി സംസാരിക്കാമെന്ന ഉറപ്പിലാണു ചർച്ച അവസാനിച്ചത്.
രാവിലെ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രത്യേകമായി ജോസഫ് കണ്ടിരുന്നു. പിന്നീട് ഇവർക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രൻ കൂടി പങ്കെടുത്ത ചർച്ച രണ്ടു മണിക്കൂറിലേറെ നീണ്ടു. മോൻസ് ജോസഫ്, ടി.യു. കുരുവിള എന്നിവരും പങ്കെടുത്തു.
ജോസഫിനു മുന്നിലെ വഴികൾ
∙ മാണിയുടെ തീരുമാനം അംഗീകരിച്ചു കലാപക്കൊടി തൽക്കാലം താഴ്ത്താം
∙ തോമസ് ചാഴികാടനെ പിൻവലിപ്പിച്ചു തന്നെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാം
∙ അത് അംഗീകരിക്കുന്നില്ലെങ്കിൽ പിളർപ്പിനു തയാറാകാം
∙ പിളർന്നാൽ യുഡിഎഫിൽ തന്നെ തുടരണമെങ്കിൽ മുന്നണിയുടെ അനുമതി വേണം
∙ മാണി അത് അംഗീകരിച്ചില്ലെങ്കിൽ ജോസഫിനെയും മോൻസ് ജോസഫിനെയും കൂറുമാറ്റനിരോധനനിയമപ്രകാരം അയോഗ്യരായി പ്രഖ്യാപിക്കണമെന്നു അദ്ദേഹത്തിനു സ്പീക്കറോട് ആവശ്യപ്പെടാം.
മാണിയോടു സംസാരിക്കും: ചെന്നിത്തല
ജോസഫ് ഉന്നയിച്ച വിഷയങ്ങളെക്കുറിച്ചു കെ.എം. മാണിയുമായും ജോസ് കെ. മാണിയുമായും സംസാരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഘടകകക്ഷികളുമായും സംസാരിക്കും. രമ്യമായ പ്രശ്‌നപരിഹാരത്തിനാണു കോൺഗ്രസ് ശ്രമിക്കുന്നത്.