പദ്ധതിയിൽ അഴിമതിയില്ല: ഒച്ചപ്പാടില്ലാതെ വിഴിഞ്ഞം കമ്മിഷൻ റിപ്പോർട്ട് സഭയിൽ

Mail This Article
തിരുവനന്തപുരം∙ സർക്കാർ ഏറെ കൊട്ടിഘോഷിച്ച വിഴിഞ്ഞം കമ്മിഷൻ റിപ്പോർട്ട് ഒടുവിൽ ആരുമറിയാതെ നിയമസഭയുടെ മേശപ്പുറത്തുവച്ചു, അതും ഒരു മാസം നീണ്ടുനിന്ന സമ്മേളനത്തിന്റെ അവസാന ദിവസം വൈകിട്ട്!
വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ലെന്നു വ്യക്തമാക്കുന്ന ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ റിപ്പോർട്ടാണു വെറും രണ്ടു വരിയുള്ള നടപടി റിപ്പോർട്ട് (ആക്‌ഷൻ ടേക്കൺ റിപ്പോർട്ട്) സഹിതം വ്യാഴാഴ്ച സമർപ്പിച്ചത്. അഴിമതിയുണ്ടെന്ന വാദം കമ്മിഷനും തള്ളിയതോടെ സർക്കാരും നിരായുധരായെന്ന് ഇതിലൂടെ വ്യക്തമായി. സാധാരണ ജുഡീഷ്യൽ കമ്മിഷനുകളുടെ റിപ്പോർട്ടുകളിന്മേൽ വിശദമായ തുടരന്വേഷണവും നിയമനടപടികളുമടങ്ങിയ റിപ്പോർട്ടാണു സമർപ്പിക്കാറുള്ളത്.
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും വൻ അഴിമതി ആരോപിച്ച കേസിൽ കമ്മിഷൻ റിപ്പോർട്ട് അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായത്തിനായി അയയ്ക്കാൻ മാത്രമാണു നടപടിയുണ്ടായത്. എജിയുടെ അഭിപ്രായം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണു റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാൻ വൈകിയതിൽ ക്ഷമാപണവുമുണ്ട്.
വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കാതിരിക്കാനും ഇന്നലെ കേന്ദ്ര ബജറ്റായിരുന്നതിനാൽ മാധ്യമങ്ങൾ വലിയ ചർച്ചയാക്കില്ലെന്ന കണക്കുകൂട്ടലിലുമാണു സമ്മേളനത്തിന്റെ അവസാന ദിവസം വൈകിട്ടു റിപ്പോർട്ട് സമർപ്പിച്ചതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിനു നഷ്ടമുണ്ടായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് ഇടതുസർക്കാർ കമ്മിഷനെ നിയമിച്ചത്. സ്വകാര്യ പദ്ധതികളിലെ നിർമാണ, നടത്തിപ്പു കാലാവധി 30 വർഷമായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറിൽ 40 വർഷമാക്കി ഉയർത്തിയതു മൂലം കരാറുകാരായ അദാനി പോർട്സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നായിരുന്നു സിഎജിയുടെ കണ്ടെത്തൽ.
കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉൾപ്പെടെ ചില കോൺഗ്രസ് നേതാക്കളും കരാറിനെതിരെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതു പുറത്തുവിടാൻ സർക്കാർ തയാറാകുന്നില്ലെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചിരുന്നു.
സമയം നീട്ടി നൽകി; കാലാവധിക്കു മുൻപ് റിപ്പോർട്ടെത്തി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു വിഴിഞ്ഞം അഴിമതി. അന്വേഷണത്തിനുള്ള ടേംസ് ഓഫ് റഫറൻസ് നിശ്ചയിക്കുന്നതു വൈകിപ്പിക്കുകയും പിന്നീടു കമ്മിഷന്റെ കാലാവധി അവർ ആവശ്യപ്പെടാതെ തന്നെ നീട്ടുകയും ചെയ്തതു ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, കാലാവധിക്കു മുൻപു തന്നെ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.