പ്രളയക്കണ്ണീരിലെ ആനന്ദകൺമണിക്ക് സ്നേഹം തുളുമ്പിയ ഒന്നാം പിറന്നാൾ

Mail This Article
നെടുമ്പാശേരി ∙ പ്രളയത്തിനിടയിലെ മധുരനൊമ്പരക്കാഴ്ചയായി ജനിച്ച സുബ്ഹാനു സ്നേഹ വർഷങ്ങളുടെ അകമ്പടിയോടെ ഒന്നാം പിറനാൾ. ഒരു നാടു മുഴുവൻ പ്രളയത്തിന്റെ കുത്തൊഴുക്കിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ പുറത്തു കടക്കാൻ മാർഗമില്ലാതെ വലഞ്ഞ് അവസാനം നാവികസേനയുടെ ഹെലികോപ്‌റ്റ റിൽ മദ്രസ കെട്ടിടത്തിൽ നിന്നു പൊക്കിയെടുത്ത് നാവിക ആശുപത്രിയിൽ എത്തിച്ച സാജിത പ്രസവിച്ച സുബ്ഹാന്റെ ഒന്നാം പിറന്നാളിന് അന്നു രക്ഷകരായി പ്രവർത്തിച്ച ഫ്ലൈറ്റ് കമാൻഡർ വിജയ് വർമയും നാവിക ആശുപത്രിയിലെ ഡോ. തമന്നയും എത്തിയത് ഇരട്ടിമധുരമായി. ചെങ്ങമനാട് സ്വദേശി ജബിലിന്റെ പൂർണ ഗർഭിണിയായ ഭാര്യ സാജിതയെ പ്രസവ സംബന്ധമായ അസ്വസ്ഥതയെ തുടർന്നാണ് സാഹസികമായ എയർ ലിഫ്റ്റിങ്ങിലൂടെ കൊച്ചിയിലെ നാവിക ആശുപത്രിയിലെത്തിച്ചത്.
ദുരിതാശ്വാസ ക്യാംപിൽ പൂർണ ഗർഭിണിയുണ്ടെന്ന സന്ദേശം ലഭിച്ചാണ് വിജയ് വർമയുടെ നേതൃത്വത്തിൽ നാവിക സംഘം എത്തിയത്. സാജിത അപ്പോൾ ചൊവ്വരയിലെ ഹിദായത്തുൽ ഇസ്‌ലാം മദ്രസയിലെ ക്യാംപിലായിരുന്നു. സാധാരണ റെയിൽപാതകൾ, റോഡുകൾ തുടങ്ങിയവ തിരിച്ചറിഞ്ഞാണ് ലൊക്കേഷൻ മാർക്ക് ചെയ്യുക. പക്ഷേ, ചുറ്റും വെള്ളം മൂടിയതിനാൽ ഇതെല്ലാം ബുദ്ധിമുട്ടായിരുന്നു. മസ്ജിദിന്റെ അടയാളം മാത്രമായിരുന്നു ഏക പോംവഴി. മസ്ജിദിന്റെ മുകളിൽ വട്ടമിട്ടു പറന്ന ഹെലികോപ്‌റ്ററിൽ ഇരുന്ന് ഗർഭിണിയുണ്ടോ എന്ന് ആംഗ്യ ഭാഷയിൽ ടെറസിൽ നിന്നവരോടു ചോദിച്ചറിഞ്ഞാണ് സാജിതയെ കണ്ടെത്തുന്നത്. ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ പറ്റാത്തതിനാൽ കയറിൽ തൂങ്ങി ഡോക്ടറും കമാൻഡറും ഇറങ്ങി.
ആരോഗ്യനില പരിശോധിച്ച ശേഷം ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന നിർദ്ദേശം മാത്രമാണ് ഡോക്ടർ നൽകിയത്. തുടർന്നു സാജിതയെ എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ ഡോ. തമന്നയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കാത്തു നിന്നിരുന്നു. ഉച്ചയ്ക്ക് 2.15 നു സാജിത ആൺകുഞ്ഞിനു ജന്മമേകി. നാവിക ഉദ്യോഗസ്ഥർ തന്നെയാണ് മുഹമ്മദ് സുബ്ഹാൻ എന്ന പേരിട്ടത്.