ADVERTISEMENT

കൊച്ചി ∙ എറണാകുളം മോഡലിൽ സിപിഎം പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംസ്ഥാനവ്യാപകമായി നടത്തിയതായി സംശയിക്കുന്നുവെന്നും ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്.  എറണാകുളം ജില്ലയിൽ മാത്രം 8.15 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. യഥാർഥത്തിൽ  നടന്ന തട്ടിപ്പിന്റെ  ചെറിയ ഒരംശം മാത്രമേ വെളിച്ചത്തു വന്നിട്ടുള്ളുവെന്ന് വ്യക്തമാണ്. 

തട്ടിപ്പിനു നേതൃത്വം നൽകിയവരെ സംരക്ഷിക്കാൻ പാർട്ടി കച്ച കെട്ടിയിറങ്ങിയതു കാണുമ്പോൾ സംഭവത്തിൽ സിപിഎമ്മിന് ഉള്ള പങ്ക് ആസൂത്രിതമാണെന്ന് ഹൈബി ഈഡൻ എംപി, എംഎൽഎമാരായ പി.ടി. തോമസ്, വി.ഡി. സതീശൻ, ടി.ജെ. വിനോദ് എന്നിവർ പറഞ്ഞു. അത്തരം സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനു കീഴിലെ പൊലീസ് അന്വേഷണം ഫലപ്രദമാവില്ലെന്ന് നേതാക്കൾ പറഞ്ഞു.

സാങ്കേതിക തകരാർ മൂലം 3 ബാങ്കുകളിലെ 335 അൺ പെയ്ഡ് അക്കൗണ്ടുകളിലേക്ക് 8.15 കോടി രൂപ അയച്ചെന്നും അതു പിന്നീട് തിരിച്ചു വന്നെന്നുമാണ് പറയുന്നത്. ഇതു മാത്രമാണോ തട്ടിപ്പെന്ന് വ്യക്തമല്ല. ബാക്കി 13 ജില്ലകളിലും സിപിഎം സമാനമായ തട്ടിപ്പിന് നേതൃത്വം നൽകിയിട്ടുണ്ടോ എന്നു പരിശോധിക്കണം. 

 തട്ടിപ്പിന്റെ ഭാഗമായ അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവ് സക്കീർ ഹുസൈനു പങ്കുണ്ടെന്ന ആരോപണം ചെറിയ കാര്യമല്ല. മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ് പോലും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടും തട്ടിപ്പുകാരെ സിപിഎം സംരക്ഷിക്കുകയാണ്. 

20 ലക്ഷം അക്കൗണ്ടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നിരിക്കെ ഈ തട്ടിപ്പിൽ ജുഡീഷ്യൽ അല്ലെങ്കിൽ സിബിഐ അന്വേഷണമാണ് അഭികാമ്യം.  പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നും കിട്ടാതിരിക്കുകയും,  പാർട്ടി പരിഗണനയിൽ അനർഹർക്ക് വൻതുക കിട്ടുകയും ചെയ്തിട്ടുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

English summary: Congress demands inquiry on flood relief fund diverting

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com