ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാളും ടെക്നോപാർക്കിലെ ആദ്യ 5 കമ്പനികളിലൊന്നിന്റെ സ്ഥാപകനുമായ കഴക്കൂട്ടം കിഴക്കുംഭാഗം കൈലാസിൽ ആർ.പി ലാലാജി (81) അന്തരിച്ചു. പക്ഷാഘാത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. 

1995ൽ ആരംഭിച്ച സീവ്യൂ സപ്പോർട്ട് സിസ്റ്റം എന്ന കമ്പനിയടക്കം ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്‌നോളജി മേഖലകളിൽ 8 വ്യവസായസ്‌ഥാപനങ്ങൾക്കു തുടക്കം കുറിച്ച ലാലാജിയാണു മെഡിക്കൽ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന മെ‍ഡിക്കൽ ട്രാൻസ്ക്രിപ്ഷൻ സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി കൊണ്ടുവന്നത്. ബിപിഒ (ബിസിനസ് പ്രോസസ് ഔട്‌സോഴ്‌സിങ്) രീതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ കമ്പനികളിലൊന്നാണ് സീവ്യൂ.  മനോരമയടക്കം വിവിധ മാധ്യമങ്ങളിൽ ടെക്നോളജി കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. 

കൊല്ലം കേന്ദ്രമാക്കി 1985ൽ ലാലാജി ആരംഭിച്ച ‘നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടർ ടെക്‌നോളജി’ എന്ന കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിന്റെ 50ലധികം ശാഖകളിൽ നിന്നു പഠിച്ചിറങ്ങിയത് ആയിരങ്ങളാണ്. പത്തനംതിട്ട കവിയൂർ കോട്ടൂർചാമയ്ക്കൽ തറവാട്ടിലാണ് ലാലാജി ജനിച്ചത്. പരേതയായ വത്സല ലാലാജിയാണ് ഭാര്യ. മക്കൾ: ഇന്ദുലക്ഷ്മി (കോ–ഫൗണ്ടർ, നീഡ്സ്ട്രീറ്റ്), ശങ്കർ ലാൽ (ഡയറക്ടർ, സീവ്യു). മരുമക്കൾ: രാജു ഹരിലാൽ (സിഇഒ,സീവ്യൂ), ചെഞ്ചു വേണുഗോപാൽ (കസ്റ്റമർ ഡവലപ്മെന്റ് ഡയറക്ടർ, നീഡ്സ്ട്രീറ്റ്). 

English summary: R.P.Lalji passes away 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com