പുനലൂർ രാജന് യാത്രാമൊഴി

Mail This Article
കോഴിക്കോട് ∙ പ്രമുഖ ഫൊട്ടോഗ്രഫർ പുനലൂർ രാജന് (81) വിട. ശനിയാഴ്ച പുലർച്ചെ 1.40ന് അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തി. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫൊട്ടോഗ്രഫറായിരുന്നു പുനലൂർ രാജൻ.
കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനാണ്. പുനലൂർ ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. 1963ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫൊട്ടോഗ്രഫറായി. 1994ൽ വിരമിച്ചു. സ്കൂൾ പഠനകാലത്തു തന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.
സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാ പഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ 3 കൊല്ലം സിനിമാട്ടോഗ്രഫി പഠിച്ചു. കെപിഎസിയുടെ നേതൃത്വത്തിലാണു സിനിമയുണ്ടാക്കാൻ ശ്രമം നടന്നത്. പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കു പാർട്ടി സിനിമാ മോഹം ഉപേക്ഷിച്ചിരുന്നു.
‘ബഷീർ: ഛായയും ഓർമയും’, ‘എംടിയുടെ കാലം’ എന്നിവയാണ് പുസ്തകങ്ങൾ. രണ്ടാം ലോകയുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ സഞ്ചരിച്ച് തയാറാക്കിയ ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു.
തിരുവണ്ണൂരിലെ ‘സാനഡു’വിലായിരുന്നു താമസം. ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. അച്യുതൻ ഗേൾസ് എച്ച്എസ്എസ്, ചാലപ്പുറം). മക്കൾ: ഡോ. ഫിറോസ് രാജൻ (കാൻസർ സർജൻ, കൊവൈ മെഡിക്കൽ സെന്റർ, കോയമ്പത്തൂർ), ഡോ. പോപ്പി രാജൻ (ക്വലലംപുർ മെഡിക്കൽ കോളജ്).
English summary: Punalur Rajan funeral