3 പേർക്ക് പുതുജീവൻ നൽകി നിഷാ മേനോൻ

Mail This Article
കോഴിക്കോട് ∙ മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച വൈദ്യരങ്ങാടി സ്വദേശിനി നിഷാ മേനോൻ (51) അവയവദാനത്തിലൂടെ 3 പേർക്ക് പുതുജീവൻ നൽകി. മലയാള മനോരമ മലപ്പുറം യൂണിറ്റ് സർക്കുലേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സോമശേഖരന്റെ ഭാര്യ നിഷാ മേനോനു മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് അവരുടെ 2 വൃക്കകളും കരളും ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്. ഇത് ആസ്റ്റർ മിംസിലെ 2 രോഗികൾക്കും കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ ഒരു രോഗിക്കും ജീവിതത്തിലേക്കുള്ള തിരിച്ചു വരവായി.
ഇക്കഴിഞ്ഞ 26 നാണ് നിഷയെ മസ്തിഷ്ക്ക രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ മിംസിൽ പ്രവേശിപ്പിച്ചത്. 28 നു മസ്തിഷ്ക മരണം സംഭവിച്ചു. നിഷയുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ തളർന്നുപോയ കുടുംബം, തങ്ങളുടെ വ്യക്തിപരമായ ദുരന്തത്തിനിടയിലും വൃക്ക, കരൾ രോഗം മൂലം മരണത്തിനും ജീവിതത്തിനുമിടയിൽ കഴിയുന്ന രോഗികൾക്കുവേണ്ടി ചിന്തിച്ചതിനാലാണ് 3 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനായത്.
അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത നിഷയുടെ കുടുംബം മിംസിലെ ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. കടുത്ത ദുഃഖത്തിനിടയിലും അവയവദാനത്തിനു സന്മനസ്സു കാണിച്ച നിഷയുടെ ഭർത്താവ് സോമശേഖരൻ, മക്കളായ ആനന്ദ് എസ്.മേനോൻ, അഞ്ജന എന്നിവരുടെ വിശാല മനസിനെ ആദരിക്കുന്നതായി ആസ്റ്റർ മിംസ് സിഇഒ ഫർഹാൻ യാസിൻ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കു ശേഷം നിഷയുടെ ഭൗതികദേഹത്തിന് ആസ്റ്റർ മിംസിലെ ഡോക്ടർമാരും ജീവനക്കാരും അന്ത്യോപചാരം അർപ്പിച്ചു. ഡോ.ഏബ്രഹാം മാമ്മൻ, ഡോ.സുരേഷ്കുമാർ തുടങ്ങിയവർ ആശുപത്രിക്കു വേണ്ടി ആദരം അർപ്പിച്ചു.
English Summary: Organ donation Nisha Menon