മൈക്രോസോഫ്റ്റിന് മറ്റൊരു മലയാളി വൈസ് പ്രസിഡന്റ്
![John-George John-George](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/9/12/John-George.jpg?w=1120&h=583)
Mail This Article
സിയാറ്റിൽ ∙ മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറൽ മാനേജർ ജോൺ ജോർജ് ചിറപ്പുറത്തിന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം. കോട്ടയം ചിറപ്പുറത്ത് പരേതരായ സി.ജോർജ് ജോണിന്റെയും സാറാ ജോണിന്റെയും മകനാണ്. തൃശൂർ സ്വദേശിയായ ജോസഫ് സിറോഷും നേരത്തെ മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു.
ഇന്റൽ ഏറ്റെടുത്ത സർവേഗ എന്ന കമ്പനിയുടെ സ്ഥാപകനായാണ് ജോൺ യുഎസിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2000ൽ തുടങ്ങിയ ഈ കമ്പനി 2005ൽ ഇന്റൽ വാങ്ങുകയായിരുന്നു. തുടർന്ന് 10 വർഷത്തോളം മൈക്രോസോഫ്റ്റിൽ ഡേറ്റ പ്ലാറ്റ്ഫോം പ്രോഡക്ട് പ്ലാനിങ് സീനിയർ ഡയറക്ടർ സ്ഥാനം വഹിച്ചു.
തുടർന്ന് എച്ച്പി കമ്പനിയിൽ വൈസ് പ്രസിഡന്റായി. വീണ്ടും 2017ൽ മൈക്രോസോഫ്റ്റിൽ തിരികെയെത്തിയത് ജനറൽ മാനേജർ തസ്തികയിൽ. അവിടെ ബ്ലോക്ചെയിൻ, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയാണ്. വർഷങ്ങളായി യുഎസിലെ സിയാറ്റിലിലാണ് താമസം. യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണു ഭാര്യ. മക്കൾ: ജോർജ്, സാറ.
അധ്വാനത്തിന്റെ വഴിയിലൂടെ ഉയരങ്ങളിലേക്ക് ജോൺ ജോർജ്
കോട്ടയം ∙ ‘തലകുനിച്ച്, അധ്വാനിച്ച് ജോലി ചെയ്യണം’– മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ജോൺ ജോർജ് ചിറപ്പുറത്ത് എന്ന ജെജിയുടെ തത്വശാസ്ത്രം ഇതാണ്. അച്ഛന്റെ അച്ഛൻ റവ. സി.വി.ജോൺ പകർന്നു നൽകിയ പാഠമാണിത്.
മറ്റുള്ളവരെ മനസ്സിലാക്കി അധ്വാനത്തിലൂടെ സ്വന്തം കർത്തവ്യം പൂർത്തിയാക്കണം എന്നായിരുന്നു കോട്ടയം മാർത്തോമ്മാ തിയോളജിക്കൽ സെമിനാരിയിൽ ദീർഘകാലം പ്രിൻസിപ്പലായിരുന്ന റവ.സി.വി.ജോൺ പകർന്നു നൽകിയ പാഠം. അത് ഇപ്പോഴും ജീവിതത്തിൽ പകർത്തുന്ന ജോൺ ജോർജ് നടന്നുകയറിയ ഉയരങ്ങൾ ചെറുതല്ല.
ചെന്നൈ ഡോൺ ബോസ്കോയിലും കൊച്ചി ഡെൽറ്റ സ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ജോൺ ജോർജിന്റെ പിതാവ് സി. ജോർജ് ജോൺ എംആർഎഫിൽ കേരള സെയിൽസ് മാനേജരായിരുന്നു. ഐഐഎം അഹമ്മദാബാദിൽ നിന്ന് ബിരുദം നേടിയ ആളായിരുന്നു ജോർജ് ജോൺ. പിന്നീട് അദ്ദേഹം കുവൈത്തിലേക്കു പോയി. അങ്ങനെ ജോൺ ജോർജിന്റെ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം കുവൈത്ത് ഇന്ത്യൻ സ്കൂളിലായിരുന്നു.
തുടർന്ന് ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ജോർജ് ജോൺ ബെംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. മാസ്റ്റർ ഇൻ കംപ്യൂട്ടർ സയൻസ് പഠനത്തിനായാണ് അമേരിക്കയിൽ എത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിൽ നിന്ന് മാസ്റ്റർ ഇൻ കംപ്യൂട്ടർ സയൻസ് ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് എംബിഎയും നേടി.ഇന്റലിജന്റ് ഡേറ്റ സെന്റർ സ്വിച്ചിന്റെ തുടക്കക്കാരായ സർവേഗ എന്ന കമ്പനിയുടെ കോഫൗണ്ടറായാണ് യുഎസിൽ കരിയർ തുടങ്ങിയത്. ഈ കമ്പനി പിന്നീട് ഇന്റൽ ഏറ്റെടുത്തു. ഇത് ഹാർവഡ് ബിസിനസ് സ്കൂളിൽ ഇപ്പോഴും ഒരു കേസ് സ്റ്റഡിയാണ്. എല്ലാ വർഷവും രണ്ട് തവണയെങ്കിലും കോട്ടയത്തേക്ക് എത്തുന്ന ജോൺ ജോർജിന് നാടും ഏറെ പ്രിയപ്പെട്ടതാണ്.
English Summary: John George Microsoft vice president