ഇൻഫർമേഷൻ തിയറി വിദഗ്ധൻ ഡോ. ജോയ് തോമസ് അന്തരിച്ചു
Mail This Article
മൗണ്ടൻവ്യൂ (കലിഫോർണിയ, യുഎസ്) ∙ പ്രശസ്ത ഇൻഫർമേഷൻ തിയറി വിദഗ്ധനും ഗൂഗിൾ സീനിയർ ഡേറ്റ സയന്റിസ്റ്റുമായ കൊച്ചി സ്വദേശി ഡോ. ജോയ് തോമസ് (57) അന്തരിച്ചു. ഇൻഫർമേഷൻ തിയറി രംഗത്തെ ഇതിഹാസമായ പ്രഫ. ടോം കൊവറുമായി ചേർന്ന് ഡോ. ജോയ് രചിച്ച ‘എലിമെന്റ്സ് ഓഫ് ഇൻഫർമേഷൻ തിയറി’ എന്ന പുസ്തകം ആ രംഗത്തെ പ്രമുഖ പാഠപുസ്തകമാണ്.
1948ൽ ക്ലോദ് ഷാനൺ മുന്നോട്ടുവച്ച ആശയമായിരുന്നു പുസ്തകത്തിന്റെ അടിസ്ഥാനം. ലോകമാകെ സ്വീകാര്യത നേടിയ പുസ്തകത്തിന്റെ രചനയ്ക്കായി ഡോ. ജോയിയെപ്പോലെ ഒരാൾക്കുവേണ്ടി പ്രഫ. കൊവർ കാത്തിരുന്നതു പതിറ്റാണ്ടുകളാണ്. പതിനായിരത്തിലേറെപ്പേർ ഡോ. ജോയ് തോമസിന്റെ പുസ്തകങ്ങളെ ആശ്രയിച്ചു ഗവേഷണങ്ങൾ പൂർത്തിയാക്കി.
ഐഐടി പൊതുപ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു ജോയ് തോമസ്. മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. യുഎസ് സർവകലാശാലകളിലേക്കുള്ള ആഗോള പ്രവേശന പരീക്ഷ റെക്കോർഡ് സ്കോറോടെ വിജയിച്ചു. 1984ൽ യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. പ്രഫ. കൊവറുമായുള്ള അടുപ്പം തുടങ്ങുന്നത് അവിടെയാണ്.
പിന്നീട് ഐബിഎം റിസർച്ചിൽ. തുടർന്നു സിലിക്കൺവാലിയിൽ സ്ഥാപിച്ച സ്റ്റാർട്ടപ്പുകളായ സ്ട്രാറ്റിഫൈ, ഇൻസൈറ്റ്സ്‌വൺ സിസ്റ്റംസ് എന്നിവ വൻ വിജയമായി. പന്ത്രണ്ടിലേറെ പേറ്റന്റുകൾക്ക് ഉടമയാണ്. ഐബിഎമ്മിന്റെ 2 പേറ്റന്റ് പുരസ്കാരങ്ങൾക്കും അർഹനായി. ഭാര്യ: പ്രിയ. മക്കൾ: ജോഷ്വ, ലിയ.