നടി പാർവതി ‘അമ്മ’യിൽ നിന്ന് രാജിവച്ചു

Mail This Article
കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നു നടി പാർവതി തിരുവോത്ത് രാജിവച്ചു. അമ്മ നിർമിക്കുന്ന പുതിയ സിനിമയിൽ ഒരു പ്രമുഖ നടിയ്ക്കു വേഷമുണ്ടാകുമോയെന്നു ചാനൽ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ജനറൽ സെക്രട്ടറി ഇടവേള ബാബു നൽകിയ മറുപടിയിൽ പ്രതിഷേധിച്ചാണു രാജി.
ബാബുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പാർവതി രാജിക്കത്തു സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ബാബു സ്ഥാനം രാജിവയ്ക്കണമെന്നും വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) നേതൃനിരയിലുള്ള പാർവതി ആവശ്യപ്പെട്ടു.
അമ്മ നിർമിച്ച ആദ്യചിത്രമായ ട്വന്റി 20യുടെ രണ്ടാം ഭാഗമാണു പുതിയ സിനിമയെങ്കിൽ, പ്രസ്തുത നടിയെ അഭിനയിപ്പിക്കുമോയെന്ന ചോദ്യത്തിനു ബാബു നൽകിയ മറുപടിയിൽ നടിയെ മരിച്ചയാളുമായി താരതമ്യപ്പെടുത്തിയെന്നാണു പാർവതിയുടെ ആക്ഷേപം. എന്നാൽ, പാർവതി തന്റെ പരാമർശം തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ബാബു പറഞ്ഞു.
‘ട്വന്റി20 യിൽ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലല്ലോ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താൽ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയിൽ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയിൽ ഉൾപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോൾ അമ്മയിൽ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’– ബാബു പറഞ്ഞു.
അശ്വതി നമ്പ്യാർ മരിച്ചിട്ടില്ല
ജോഷി സംവിധാനം ചെയ്ത ട്വന്റി 20 സിനിമയിൽ കഥാപാത്രമായ അശ്വതി നമ്പ്യാർ മരിച്ചതായി കാണിക്കുന്നില്ല. മമ്മൂട്ടി അവതരിപ്പിച്ച അഡ്വ. രമേശ് നമ്പ്യാരുടെ സഹോദരിയായ അശ്വതി അപകടത്തെ തുടർന്നു ജീവച്ഛവമായി കിടക്കുന്നതും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുമാണ് ചിത്രം നൽകുന്നത്.
English Summary: Actress Parvathy Thiruvothu resigns from AMMA